തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം നൽകുന്നത് ഒ.ടി.പി. (വൺ ടൈം പാസ് വേഡ്) മുഖേനയാക്കും. . അപേക്ഷിച്ച പരീക്ഷയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് നൽകാൻ ഉദ്യോഗാർത്ഥിക്ക് 10 മിനിട്ട് സമയ സാധുതയുളള ഒ.ടി.പി അനുവദിക്കാനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്ക് നവംബർ 21, 22 തീയതികളിൽ നിയമന ശുപാർശ നേരിട്ട് കൈമാറുന്നത് അവരെ ബയോമെട്രിക് വെരിഫിക്കേഷന് വിധേയമാക്കിയതിനു ശേഷമായിരിക്കും. ഇതിലേക്ക് ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യുകയും ആധാർ ഹാജരാക്കുകയും ചെയ്യണം.
ഒറ്റത്തവണ പ്രമാണപരിശോധന, നിയമന പരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് വെരിഫിക്കേഷൻ സംവിധാനത്തിലൂടെ ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി ഉറപ്പാക്കും. ഇത് നടപ്പിലാക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.