-trivandrum-corporation

തിരുവനന്തപുരം : നഗരസഭയുടെ നാലാം വാർഷികത്തിലും ഭരണ, പ്രതിക്ഷ കക്ഷികൾ തമ്മിലുള്ള കലഹം രൂക്ഷമാകുന്നു. നാലുവർഷത്തെ പ്രവർത്തന നേട്ടവും വരും ദിവസങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിക്കുന്നതിനായി മേയർ കെ. ശ്രീകുമാർ ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. സമ്പൂർണ പരാജയത്തിന്റെ നാലുവർഷങ്ങളാണ് കടന്നുപോയതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നു. ലൈഫ് പദ്ധതിയുടെ പേരു പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു, മാലിന്യസംസ്കരണം താളം തെറ്റി, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ് പറ്റിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നാലാം വ‌ർഷികത്തിന്റെ പേരിൽ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്താൽ തങ്ങൾ ജനങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ പറയുന്നത്. ഇന്നലെ വൈകിട്ട് ഗാന്ധിപാർക്കിൽ സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായുള്ള ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനത്തിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. അതേസമയം ബി.ജെ.പി എം.എൽ.എയായ ഒ. രാജഗോപാൽ പങ്കെടുത്തു. സ്ഥലം എം.എൽ.എയായ വി.എസ്. ശിവകുമാറിന് അർഹമായ പരിഗണന ഉദ്ഘാടന ചടങ്ങിൽ നൽകിയില്ലെന്നും ഇതിനാലാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാർ അറിയിച്ചു. നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഭരണസമിതി തട്ടിക്കൂട്ട് ഉദ്ഘാടനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അതിനാലാണ് ബഹിഷ്കരണമെന്നും ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന നഗരസഭ വരും ദിവസങ്ങളിൽ കൂടുതൽ കലുഷിതമാകുമെന്ന് ഉറപ്പാണ്. മേയറായിരുന്ന വി.കെ. പ്രശാന്തിന്റെ വട്ടിയൂർക്കാവിലെ വിജയത്തോടെ നഗരസഭയിൽ പ്രതിപക്ഷം അസ്വസ്ഥരാണ്. ഇതും വരും ദിവസങ്ങളിൽ പ്രതിഫലിക്കും.

യു.ഡി.എഫിന്റെ പ്രതിഷേധ ധർണ ഇന്ന്

പരാജയത്തിന്റെ നാലാം വാർഷികത്തിലും ഭരണസമിതി ജനങ്ങളെ പറ്റിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ ഇന്ന് ധർണ നടത്തും. രാവിലെ 10ന് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാർ അറിയിച്ചു.