photo

ഇടിഞ്ഞാർ: കാട്ടിലെ പള്ളിക്കൂടത്തിന്റെ വിജയക്കുതിപ്പിന് അംഗീകാരമായി രണ്ടു കോടിയുടെ വികസന പെരുമഴ സമ്മാനിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന പള്ളിക്കൂടങ്ങളുടെ കരിമ്പട്ടികയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളുടെ നിരയിലേയ്ക്ക് ഇടം പിടിച്ച ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിനാണ് ഈ വികസന നേട്ടം. എട്ടു ക്ലാസ് മുറികളോടു കൂടിയ രണ്ടാംനില നിർമ്മിക്കാൻ 47 ലക്ഷവും പുതിയതായി രണ്ടു ക്ലാസ് മുറി നിർമ്മിക്കാൻ 16 ലക്ഷവും ചുറ്റുമതിൽ നിർമ്മാണത്തിന് 20 ലക്ഷവും ജില്ലാതല കളിസ്ഥലം നിർമ്മിക്കാൻ 73 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എട്ടു ക്ലാസ് മുറികളടങ്ങിയ രണ്ടാം നിലയുടെ ഉദ്‌ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. കഴിഞ്ഞ മെയ് 10ന് ''ഇല്ലായ്മകളിലും നൂറുമേനി വിജയവുമായി ഇടിഞ്ഞാർ ഗവ. ട്രൈബൽ സ്‌കൂൾ"" എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയ വികസനത്തിന് വമ്പൻ പദ്ധതികളുമായി അധികൃതർ മുന്നോട്ടുവന്നത്. ഉദ്‌ഘാടനത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നാട്ടുകാർ ഹൃദ്യമായ വരവേല്പ് നൽകി. പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പി. ചിത്രകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, ബ്ലോക്ക് മെമ്പർ ഷീബാഗിരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. റിയാസ്, റീജാഷെനിൽ, സിന്ധുകുമാരി, എ. ഇബ്രാഹിം കുഞ്ഞ്, എൽ. സാജൻ, എസ്.ടി. ബിജു, എച്ച്. സുദർശനൻ, ബി. ഷിബി, പി.ടി.എ പ്രസിഡന്റ് എസ്. സുബീഷ്‌ കുമാർ, ഹെഡ്മാസ്റ്റർ ആർ. ബാബു തുടങ്ങിയവർ പങ്കെടുത്തു.