kerala-university-

തിരുവനന്തപുരം: 2016 മുതൽ 2019 വരെയുള്ള കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‌സി പരീക്ഷകളിൽ മോഡറേഷൻ നൽകിയപ്പോൾ മാർക്ക് കുറയുകയും വിദ്യാർത്ഥികൾ തോൽക്കുകയും ചെയ്തതായി കേരള സർവകലാശാല നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരു പരീക്ഷയിലാണ് മാർക്ക് കുറഞ്ഞതെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. ഇതിനു പുറമെ ബി.ടെക് പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടിയ നാല് വിദ്യാർത്ഥികൾ തോറ്റതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയതായും കണ്ടെത്തി. മാർക്ക് കൂടിയതായി ചെയ്ഞ്ച് മെമ്മോ ലഭിച്ച വിദ്യാർത്ഥികൾ മെമ്മോയുമായി സർവകലാശാലയിലെത്തിയപ്പോഴാണ് കമ്പ്യൂട്ടറിൽ മാറ്റമില്ലെന്ന് (നോ ചെയ്ഞ്ച്) രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതോടെ സോഫ്‌റ്റ്‌വെയറിൽ ഗുരുതര പിശകുണ്ടായെന്ന നിഗമനത്തിലാണ് സർവകലാശാല.

സോഫ്‌റ്റ്‌വെയറിലെ പിശക് നേരത്തേ കണ്ടെത്തിയെങ്കിലും കണ്ണടച്ചിരിക്കുകയായിരുന്നു അധികൃതർ. ബി.ടെക് വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയത്തിലെ പിശക് പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടികൾ മാർക്ക് കൂടിയ മെമ്മോയുമായി വരുമ്പോൾ ഒത്തുനോക്കിയ ശേഷം തുടർനടപടി മതിയെന്ന് അധികൃതർ നിർദ്ദേശിച്ചതല്ലാതെ ഒരു നടപടിയുമെടുത്തില്ല. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ പേഴ്സണൽ സ്റ്റാഫിനൊപ്പമെത്തിയ കുട്ടിക്ക് എൽഎൽ.ബി പരീക്ഷയ്ക്ക് മോഡറേഷനിലൂടെ മാർക്ക് കൂടിയെങ്കിലും മാർക്ക് ലിസ്റ്റിൽ പരാജയപ്പെട്ടു എന്നാണുണ്ടായിരുന്നത്. സെക്‌ഷനിൽ നിന്ന് പരാജയപ്പെട്ടെന്ന വിവരമറിഞ്ഞ് ഈ കുട്ടി സർവകലാശാലയിൽ ആത്മഹത്യയ്ക്കൊരുങ്ങി. ഇതിനു പിന്നാലെ സമാനമായ നാല് പിശകുകൾ കണ്ടെത്തി. ഈ സംഭവങ്ങളെല്ലാം സർവകലാശാല മൂടിവയ്ക്കുകയായിരുന്നു.

സർവകലാശാലാ കമ്പ്യൂട്ടർ സെന്റർ ഇൻസ്റ്റാൾ ചെയ്ത പഴഞ്ചൻ സോഫ്‌റ്റ്‌വെയറിൽ 2016ൽ കരിയർ റിലേറ്റഡ് കോഴ്സുകളിലെ മോഡറേഷൻ അപ്‌ലോഡ് ചെയ്തപ്പോൾ മുതൽ പിശകുകൾ കാണപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. പരാതിയുമായെത്തുന്ന കുട്ടികൾക്ക് ശരിയായ മാർക്ക് നൽകുകയായിരുന്നു. ഇപ്പോൾ സസ്പെൻഡ് ചെയ്ത ഡെപ്യൂട്ടി രജിസ്ട്രാർ

എ.ആർ. രേണുക, തന്റെ സെക്‌ഷ‌‌നിൽ അഞ്ച് കമ്പ്യൂട്ടറുകളും 50 അസിസ്റ്റന്റുമാരുമുണ്ടെന്ന് നിരവധി യോഗങ്ങളിൽ പരാതിപ്പെട്ടിരുന്നതാണ്. പക്ഷേ, അധികൃതർ ചെവിക്കൊണ്ടില്ല. ഉദ്യോഗസ്ഥർ മാറിപ്പോയാലും പാസ്‌വേർഡ് മാറ്റാറില്ലെന്നതും സോഫ്‌റ്റ്‌വെയറിൽ മാർക്ക് ലോക്ക് ആവുന്നില്ലെന്നും നേരത്തേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായിരുന്നില്ല.

''ഒരു പരീക്ഷയിൽ മാർക്ക് കുറഞ്ഞത് മനഃപൂർവം ആവണമെന്നില്ല. സാങ്കേതിക സമിതി ഇക്കാര്യങ്ങളും അന്വേഷിക്കും.''

ഡോ. വി.പി. മഹാദേവൻ പിള്ള

വൈസ് ചാൻസലർ