
തിരുവനന്തപുരം: ജില്ലയിൽ മിക്കയിടങ്ങളിലും റേഷൻ വിതരണം സ്തംഭിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ. സാധാരണക്കാരുടെ ആശ്രയമായ റേഷൻ വിതരണം സുഗമമായി നടത്താൻ ബന്ധപ്പെട്ടവർ സമയം കണ്ടെത്തുന്നില്ല. മുൻ സർക്കാർ നൽകിയിരുന്ന സൗജന്യ അരി വിതരണവും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും ഈ സർക്കാർ വന്നതോടെ നിലച്ചു. അരിയും പഞ്ചസാരയും കടത്തിയതുമായി ബന്ധപ്പെട്ട് ഭരണകക്ഷി സംഘടനയിൽപ്പെട്ടവരെ അടുത്ത ദിവസം പിടികൂടിയ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ ദുരിതങ്ങൾ മന്ത്രിമാർ കാണുന്നില്ല. ഹൈദരാബാദിലെ മില്ലിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ലോറിയിൽ കയറ്റിയ 35000 ടൺ പഞ്ചസാര എവിടെപ്പോയെന്നുപോലും കണ്ടെത്താനായിട്ടില്ല. റേഷൻ വിതരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സനൽ അറിയിച്ചു.