മലയിൻകീഴ്: മണ്ണടിക്കോണം പാപ്പാകോടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 ഒാടെയാണ് അപകടമുണ്ടായത്. മണ്ണടിക്കോണം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ പെരുമ്പഴുതൂർ കോട്ടൂർ സ്വദേശി അനന്തു(24)വിന്റെ ബൈക്കും എതിർദിശയിൽ വന്ന മാറനല്ലൂർ സ്വദേശി സലിമിന്റെ (53) ബൈക്കുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് ബൈക്കുകളിൽ തട്ടി നിൽക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടനെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും സലിമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അനന്തുവിന്റെ കാലിൽ പൊട്ടലുണ്ട്. സലിമിന്റെ ഒരു കാൽവിരൽ അറ്റുപോയി. അടുത്തിടെ ഇതേ സ്ഥലത്ത് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഒരാൾ മരിച്ചിരുന്നു. കാട്ടാക്കട - നെയ്യാറ്റിൻകര റോഡിൽ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ അപകടങ്ങൾ തുടർക്കഥയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അപകട മേഖലയായ മണ്ണടിക്കോണം പാപ്പാകോട് ഭാഗത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.