മസ്കറ്റ് : ലോകകപ്പ് ഫുട്ബാൾ യോഗ്യതാ ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന ഇന്ത്യ ഇന്ന് കരുത്തരായ ഒമാനെതിരേ എവേ മത്സരത്തിനിറങ്ങുന്നു. ഒമാനെ അട്ടിമറിച്ചില്ലെങ്കിൽ യോഗ്യതാ പ്രതീക്ഷകൾ വെള്ളത്തിലാകുമെന്നതിനാൽ രണ്ടും കല്പിച്ചാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ഒമാനായിരുന്നു. ഗോഹട്ടിയിൽ നടന്ന മത്സരത്തിൽ സുനിൽ ഛെത്രിയുടെ ഗോളിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് തോൽവി വഴങ്ങുകയായിരുന്നു. തുടർന്ന് ലോകകപ്പ് ആതിഥേയരായ ഖത്തറിനെ അവരുടെ നാട്ടിൽ ചെന്ന് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. പക്ഷേ, പിന്നീട് റാങ്കിംഗിൽ താഴെയുള്ള ബംഗ്ളാദേശിനോടും അഫ്ഗാനിസ്ഥാനോടും സമനില വഴങ്ങേണ്ടി വന്നതാണ് ഇന്ത്യയുടെ പ്രതീക്ഷകളെ തുലാസിലാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെ 4-1ന് കീഴടക്കിയതിന്റെ വീര്യവുമായാണ് ഒമാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ഗ്രൂപ്പ് ഇയിൽ 10 പോയിന്റുമായി ഖത്തറാണ് ഒന്നാമത്. ഒൻപത് പോയിന്റുമുള്ള ഒമാൻ രണ്ടാമതാണ്. മൂന്ന് പോയിന്റുള്ള ഇന്ത്യ നാലാമതാണ്.
മാതാവിന്റെ മരണത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം നാട്ടിലെത്തിയിരുന്ന മലയാളി താരം അനസ് എടത്തൊടിക ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്.
യൂറോ കപ്പ്
യോഗ്യത നേടി പോർച്ചുഗൽ
ബാർത്തെൽ : കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ 2020 യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ബർത്ത് സ്വന്തമാക്കി.
39-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടോയും 86-ാം മിനിട്ടിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിനു വേണ്ടി ഗോളുകൾ നേടിയ്ത്. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ നേടുന്ന 99-ാമത്തെ ഗോളായിരുന്നു ഇത്.
മറ്റൊരു മത്സരത്തിൽ കൊസോവോയെ 4-0ത്തിന് കീഴടക്കി ഇംഗ്ളണ്ടും യോഗ്യത കരസ്ഥമാക്കി. വിൻക്സ്, ഹാരികേൻ, മാർക്കസ് റാഷ്ഫോർഡ്, മൗണ്ട് എന്നിവരാണ് ഇംഗ്ളണ്ടിനായി സ്കോർ ചെയ്തത്.
അൽബേനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ഫ്രാൻസിനും യോഗ്യത ലഭിച്ചു. ആദ്യ പകുതിയിൽ ടോലിസോയും അന്റോയിൻ ഗ്രീസ്മാനുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്.
സിസ്റ്റിപാസിന് എ.ടി.പി. കിരീടം
ലണ്ടൻ : ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ ആസ്ട്രിയൻ താരം ഡൊമിനിക് തീമിനെ കീഴടക്കി ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിസ്റ്റിപാസ് എ.ടി.പി ഫൈനൽസ് കിരീടം സ്വന്തമാക്കി. 6-7 (6/8) 6-2, 7-6 (7/4) എന്ന സ്കോറിന് വിജയം നേടിയ 21കാരനായ സിസ്റ്റിപ്പാസ് 2001ൽ ലിട്ടൺ ഹെവിറ്റിന് ശേഷം എ.ടി.പി ഫൈനൽസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും സ്വന്തമാക്കി.
നദാൽ ഒന്നാം നമ്പർ
ലണ്ടൻ : പുരുഷ ടെന്നിസ് റാങ്കിംഗിൽ സീസൺ ഒടുവിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി റാഫേൽ നദാൽ. നിലവിലെ ഒന്നാം റാങ്കുകാരനായിരുന്നു നൊവക്ക് ജോക്കോവിച്ച് എ.ടി.പി ഫൈനൽസ് ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ പുറത്തായതോടെയാണ് നദാൽ ഒന്നാം റാങ്കിലേക്ക് തിരികെയെത്തിയത്.