തിരുവനന്തപുരം: എയർ കസ്റ്റംസ് സൂപ്രണ്ടായിരുന്ന വി. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയത് 230 കോടി വിലയുള്ള 680 കിലോഗ്രാം സ്വർണമായിരുന്നെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി. ഇതിൽ 25 കിലോ സ്വർണം മാത്രമാണ് പിടികൂടാനായത്. ഇത് ഏറ്റവും കുറഞ്ഞ കണക്കാണെന്നും ഡി.ആർ.ഐ പറയുന്നു. ഡി.ആർ.ഐയുടെ കേസിൽ ജാമ്യത്തിലിറങ്ങിയ രാധാകൃഷ്‌ണൻ, കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്‌മഗ്ലിംഗ് ആക്ടിവിറ്റീസ്) ചുമത്തിയതിനെത്തുടർന്ന് മുങ്ങിയിരിക്കുകയാണ്. രാധാകൃഷ്‌ണനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഡി.ആർ.ഐ.
വിമാനത്താവളത്തിൽ കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിന്റെ ഇൻചാർജായിരുന്നു എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ. സ്വർണക്കടത്ത് സംഘത്തിലെ വിഷ്ണു സോമസുന്ദരത്തോടു മാത്രമായിരുന്നു ഇയാൾ ആശയവിനിമയം നടത്തിയിരുന്നത്. മുപ്പതിലധികം പേരാണു കടത്തൽ സംഘത്തിലുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഇതിൽ 17 പേരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. ഒരാൾ ഉത്തരേന്ത്യക്കാരനാണ്. മറ്റുള്ളവരെല്ലാം തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. രാധാകൃഷ്ണനു പുറമെ സ്വർണക്കടത്തിലെ പ്രധാനികളായ തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്‌ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജു മോഹനൻ, പാങ്ങോട് സ്വദേശി പ്രകാശൻ തമ്പി, കാരിയർമാരായ തിരുമല സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ, കഴക്കൂട്ടത്ത് താമസിക്കുന്ന ആലുവ സ്വദേശിനി സെറീന ഷാജി എന്നിവർക്കെതിരെയാണ് കോഫെപോസ ചുമത്തിയത്. ഇതിൽ പ്രകാശൻ തമ്പി, ബിജു മോഹനൻ, സെറീന എന്നിവർ ജയിലിലാണ്. ബാക്കിയുള്ളവർ ഒളിവിൽ പോയി. സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐക്ക് പുറമെ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുന്നു.
സൂപ്രണ്ട് നേപ്പാൾ വഴി മുങ്ങി..?
കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ പാസ്പോർട്ട് ഡി.ആർ.ഐയ്ക്ക് പിടിച്ചെടുക്കാനായിരുന്നില്ല. അദ്ദേഹം യാത്രചെയ്തതിന് തെളിവില്ല. പക്ഷേ, റോഡ് മാർഗം നേപ്പാളിലെത്തി കാഠ്‌മണ്ഡുവിൽ നിന്ന് കള്ളപാസ്പോർട്ട് സംഘടിപ്പിച്ച് മറ്റേതോ രാജ്യത്തേക്ക് കടന്നതായി ഡി.ആർ.ഐ പറയുന്നു.