തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹമരണങ്ങളുടെ അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം. അന്വേഷണ സംഘത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ പരാതിക്കാരിലൊരാളായ അനിൽ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകി. കരമന പൊലീസും ജില്ലാ ക്രൈംബ്രാഞ്ചുമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കൂടത്തിൽ കുടുംബത്തിന്റെ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവയിൽ ചിലത് ഇപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലായതിനാൽ കേസ് ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നു പരാതിയിൽ പറയുന്നു.
കുടുംബത്തിന്റെ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി ചില രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയതിനാൽ അവരുടെ സമ്മർദവും അന്വേഷണത്തെ ബാധിക്കുന്നു. കൈവശമുള്ള തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവും ഉപയോഗപ്പെടുത്താൻ അന്വേഷണ സംഘം തയാറാകുന്നില്ല. പ്രതികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും റവന്യൂ, കോടതി വ്യവഹാരങ്ങൾ അറിയാവുന്നവരുമാണ്. അവരെ പ്രതിസ്ഥാനത്തു നിറുത്തി തെളിവു ശേഖരിക്കാൻ കഴിയാത്തതു കേസിനെ ബാധിക്കുന്നു.
വ്യാജരേഖ ചമച്ചു കൈക്കലാക്കിയ സ്വത്തുക്കളിൽ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നത് കേസ് ഒതുക്കി തീർക്കുന്നതിന്റെ തെളിവാണെന്നും പരാതിയിൽ പറയുന്നു. കൂടത്തിൽ തറവാടിന്റെ ഏക്കറുകണക്കിന് നിലങ്ങൾ നികത്തുകയും വസ്തുക്കൾ പ്ലോട്ട് തിരിച്ച് വിൽക്കുകയും ചെയ്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കടക്കം പങ്കുണ്ടോ എന്ന അന്വേഷണവും നിലച്ച മട്ടാണ്. സ്ഥലങ്ങളിൽ പലതിന്റെയും ആധാരവും രേഖകളും റിയൽ എസ്റ്റേറ്റ് മാഫിയയിൽപ്പെട്ട ചിലരുടെ കൈയിലുള്ളതായ വിവരവും പൊലീസിന് കിട്ടിയിരുന്നു. എന്നാൽ വസ്തുക്കൾ വില്പന നടത്താനായാണ് റിയൽ എസ്റ്റേറ്റ് സംഘത്തിന് രേഖകൾ കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.