33,333 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചാൽ എന്തായിരിക്കും അവസ്ഥ ? ആലോചിക്കാനേ വയ്യ. എന്നാൽ, അങ്ങനെ വീണിട്ടും ജീവിതത്തിലേക്ക് മടങ്ങി വന്ന സ്ത്രീയാണ് വെസ്‌ന വുലോവിച്ച് !
ഏറ്റവും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ പോലും സഹായമില്ലാതെ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന ഗിന്നസ് റെക്കാഡ് സെർബിയൻ ഫ്ലൈറ്റ് അറ്റെൻഡന്റ് ആയിരുന്ന വെസ്‌നയുടെ പേരിലാണ്.
1972 ജനുവരി 26ന് സ്‌റ്റോക്ഹോമിൽ നിന്നും ബെൽഗ്രേഡിലേക്ക് 23 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന ജെ.എ.ടി ഫ്ലൈറ്റ് 367 എന്ന വിമാനം ചെക്കോസ്ലോവാക്യയിലെ ഒരു ചെറു ഗ്രാമത്തിൽ തകർന്നു വീണു. ബാഗേജ് കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ചിരുന്ന അജ്ഞാത ബ്രീഫ്കെയ്സ് ബോംബ് പൊട്ടിത്തെറിച്ച് വിമാനം പിളർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തിൽ 27 പേർ കൊല്ലപ്പെട്ടു. പക്ഷേ, 10,160 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടും വെസ്‌ന മാത്രം രക്ഷപ്പെട്ടു.
വിമാന അവശിഷ്‌ടങ്ങൾക്കിടയിൽ രക്തത്തിൽ കുളിച്ച് കിടന്ന വെസ്‌നയെ ഗ്രാമീണരാണ് കണ്ടെത്തിയത്. വിമാനത്തിന്റെ ഫ്യൂസ്‌ലാഷിൽ ഫുഡ് കാർട്ടിനും സീറ്റിനും ഇടയിൽ വെസ്‌ന കുടുങ്ങുകയായിരുന്നു. ഈ ഭാഗം വിമാനത്തിൽ നിന്നും അടർന്ന് മാറി കുത്തനെ താഴേക്ക് പതിച്ചു. മരങ്ങൾ നിറഞ്ഞ ഭാഗത്ത് കൂടി ഊഴ്ന്നിറങ്ങി മഞ്ഞ് നിറഞ്ഞ കുന്നിൻ ചരിവിലേക്ക് വീണത് വീഴ്‌ചയുടെ ആഘാതം കുറച്ചു. അതേസമയം കാബിനിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് പതിച്ചിരുന്നു.
കോമയിൽ കഴിഞ്ഞ വെസ്‌നയുടെ തലയോട്ടിയിലും നട്ടെലിലും ക്ഷതമേറ്റിരുന്നു. കാൽ, കൈ, വാരിയെല്ലുകൾ എന്നിവയെല്ലാം ഒടിഞ്ഞു. കുറേനാൾ അരയ്‌ക്ക് താഴേക്കുള്ള ചലനശേഷി നഷ്‌ടപ്പെട്ടു. മാസങ്ങൾക്ക് ശേഷം ഇതെല്ലാം അതിജീവിച്ച വെസ്‌നയ്‌ക്ക് പിന്നീട് കാലിന് ചെറിയ മുടന്തൽ ഉണ്ടായിരുന്നു.
വിമാനത്തിൽ അവസാനമായി യാത്രക്കാരെ സ്വീകരിച്ചത് മാത്രമേ വെസ്‌നയ്‌ക്ക് ഓർമയുണ്ടായിരുന്നുള്ളു. 1977ൽ നിക്കോള ബ്രേക എന്ന മെക്കാനിക്കൽ എൻജിനീയറെ വെസ്‌ന വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപ്പെട്ടു. 1985ലാണ് വെസ്‌ന ഗിന്നസ് ബുക്കിലിടം നേടിയത്. ദുരന്തത്തിൽ നിന്നും താൻ മാത്രം രക്ഷപ്പെട്ടതിന്റെ കുറ്റബോധം വെസ്‌നയെ അലട്ടിയിരുന്നു. ബെൽഗ്രേഡിലുള്ള അപ്പാർട്ട്മെന്റിൽ തുച്‌ഛമായ പെൻഷനുമായി ഒറ്റയ്‌ക്ക് ജീവിച്ച വെസ്‌ന 2016ൽ 66ാം വയസിലാണ് മരിച്ചത്.