തിരുവനന്തപുരം: കോടികളുടെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലുള്ള കരമന കാലടി കൂടത്തിൽ കേസിൽ വ്യാജ സാക്ഷിയെ രംഗത്തിറക്കാനുള്ള ചിലരുടെ ശ്രമം പൊലീസ് പൊളിച്ചടുക്കി. ഏറ്റവും ഒടുവിൽ മരിച്ച ജയമാധവൻനായരെ, മരണപ്പെട്ട ദിവസം (2017 ഏപ്രിൽ 2ന്) കൂടത്തിൽ വീട്ടിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതായി പറയപ്പെടുന്ന ആട്ടോക്കാരനായാണ് വ്യാജ സാക്ഷിയെ കേസിൽപെട്ട ചിലർ അവതരിപ്പിച്ചത്. നഗരസഭയുടെ ഒരു സോണൽ ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് ഈ കാലടി സ്വദേശി. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ പൂച്ച് പുറത്തായി. ഇതോടെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹത ഉറപ്പെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
കുറെവർഷങ്ങളായി കാലടി കേന്ദ്രീകരിച്ച് ആട്ടോ ഓടിച്ചുവന്ന യുവാവിന് കഴിഞ്ഞ ജൂണിലാണ് സോണൽ ഓഫീസിൽ താത്കാലിക ജോലി ലഭിച്ചത്. എങ്കിലും ഉച്ചയ്ക്ക് ശേഷം ഇപ്പോഴും യുവാവ് ആട്ടോ ഓടിക്കാറുണ്ട്. കേസിൽപെട്ട ഒരാളുടെ ബന്ധുവായ പൊലീസ് ആസ്ഥാനത്തെ താത്കാലിക ജീവനക്കാരനുമായുള്ള അടുപ്പംകൊണ്ടാണ് ഇയാളെ ഇത്തരമൊരു വേഷം കെട്ടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടത്തിൽ വീട്ടിൽ നിന്ന് ജയമാധവൻ നായരെ താനും കൂടിചേർന്നാണ് താങ്ങിയെടുത്ത് ആട്ടോയിൽ കയറ്റിയതെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുംമുമ്പ് മരണപ്പെട്ടുവെന്നുമായിരുന്നു ഇയാളുടെ മൊഴി.
എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയെപ്പറ്റി ഈ ആട്ടോക്കാരന്റെയും കൂടത്തിൽ വീട്ടിലെ ജോലിക്കാരിയായിരുന്ന ലീലയുടെയും മൊഴികളിലുള്ള വൈരുദ്ധ്യമാണ് കള്ളക്കളികൾ പൊളിച്ചടുക്കാൻ പൊലീസിനെ സഹായിച്ചത്. കൂടത്തിൽ വീട്ടിൽ നിന്ന് മണക്കാട് വഴി മെഡിക്കൽ കോളേജിലേക്ക് പോയതായാണ് ആട്ടോ ഡ്രൈവർ പറഞ്ഞത്. എന്നാൽ കരമന, കിള്ളിപ്പാലം തമ്പാനൂർ വഴി പോയെന്നാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുദ്ധ്യത്തിൽ നിന്നുണ്ടായ സംശയത്തിൽ നിന്ന് പൊലീസ് കാര്യമായ അന്വേഷണം നടത്തി.
ജയമാധവൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാനെടുത്ത സമയവും പൊലീസ് സർജൻ രേഖപ്പെടുത്തിയ മരണസമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവദിവസം താൻ കൂടത്തിൽ വീട്ടിൽ പോയിട്ടില്ലെന്നും ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് യാതൊന്നും തനിക്ക് അറിയില്ലെന്നും ഇയാൾ വെളിപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട ചിലർ അഞ്ച് ലക്ഷംരൂപ വാഗ്ദാനം ചെയ്യുകയും മുൻകൂറായി ഒരുലക്ഷം രൂപ നൽകുകയും ചെയ്തുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടർന്ന് കൺട്രോൾ റൂമിലെ അത്യാധുനിക ചോദ്യമുറിയിലെത്തിച്ച് ആട്ടോ ഡ്രൈവറുടെ മൊഴി വീഡിയോയിൽ റെക്കാഡ് ചെയ്തു. പണം നൽകി വ്യാജ സാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
യഥാർത്ഥ 'കക്ഷി'യെ കണ്ടെത്തണം!
ജയമാധവൻനായരെ ആട്ടോയിലാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന കാര്യസ്ഥന്റെയും വീട്ടുവേലക്കാരി ലീലയുടെയും മൊഴികളിൽ ദുരൂഹതയുണ്ടെന്ന് പറയാതെ പറയുന്നതാണ് ആട്ടോക്കാരന്റെ വെളിപ്പെടുത്തൽ. സംശയങ്ങളും ദുരൂഹതകളും ഏറെയുള്ള ജയമാധവൻനായരുടെ മരണത്തിൽ എന്തോ ഒളിപ്പിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. കൂടത്തിൽ സംഭവപരമ്പരകളുമായി ബന്ധമില്ലാത്ത ആളെ പ്രതിഫലം നൽകി കേസിന്റെ ഭാഗമാക്കാൻ നടത്തിയ ശ്രമമാണ് ജയമാധവൻനായരുടെ മരണത്തിൽ ചിലരുടെ പങ്കിനെപ്പറ്റിയുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നത്. ജയമാധവൻനായരെ മെഡിക്കൽ കോളേജിലെത്തിച്ച യഥാർത്ഥ ആട്ടോക്കാരനെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. ഇതിനായി പലരേയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.