sx

തിരുവനന്തപുരം: സാമ്പത്തിക ബാദ്ധ്യതയിൽ നട്ടംതിരിഞ്ഞ് കട്ടപ്പുറത്താകുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണോ കെ.എസ്.ആർ.ടി.സി. പരിഷ്കരണ നടപടികൾ ഒരുഭാഗത്ത് നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഓരോ ദിവസവും നഷ്ടത്തിന്റെ നടുക്കടലിലേക്ക് നീങ്ങുകയാണ് സ്ഥാപനം. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഈ നിലയിൽ എത്തിയത് എങ്ങനെ എന്നുള്ള ചോദ്യങ്ങൾ പല തലത്തിൽ ഉയരുമ്പോഴും ജീവനക്കാരാകെ ആശങ്കയിലാണ്. ശമ്പളം കിട്ടാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഒരു കണ്ടക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വിവാദത്തിനാണ് വഴിവച്ചത്. താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബാദ്ധ്യത. പലിശ കൊടുക്കാൻതന്നെ കോടികൾ വേണ്ട സ്ഥിതി. ഡിപ്പോകൾ മിക്കതും പണയത്തിലായി. വരവും ചെലവും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. കളക്ഷൻ കൂട്ടാനുള്ള നടപടികളും എങ്ങും എത്തിയില്ല. കെ.എസ്.ആർ.ടി.സിയുടെ ഈ പോക്ക് എങ്ങോട്ടാണ്..?


കൂറ്റൻ കടബാദ്ധ്യത
 3000 കോടി (ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത വായ്പ)

 ഇതിന്റെ പ്രതിവർഷ പലിശ 280 കോടി (പലിശ നിരക്ക് ഒൻപത് ശതമാനം)

 കെ.ടി.ഡി.എഫ്.സിക്ക് നൽകേണ്ട ബാദ്ധ്യത വേറെ.

വരവ്

മാസ വരുമാനം: 175 കോടി
(ഇതിൽ കളക്ഷൻ ഇനത്തിൽ: 165 കോടി,
പരസ്യ- കെട്ടിട വാടകയിനത്തിൽ: 10 കോടി
ഒരു ബസിൽ നിന്നും കിട്ടുന്ന ശരാശരി കളക്ഷൻ: 13,500 രൂപ)

ചെലവ്

പ്രതിമാസ ചെലവ്: 236 കോടി
സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിന്: 76 കോടി
താത്കാലികക്കാരുടെ ശമ്പളം: 6 കോടി .
ഡീസൽ: 86 കോടി
സ്പെയർ പാർട്സുകൾക്ക്: 6 കോടി
ഇൻഷ്വറൻസിന്: 5 കോടി
ബാങ്ക് വായ്പ പ്രതിമാസ തിരിച്ചടവ്: 12 കോടി

(വരവും ചെലവും തമ്മിലുള്ള ഈ അന്തരം നോക്കിയാൽ മനസിലാവും കെ.എസ്.ആർ.ടി.സിയുടെ കിതപ്പ് തിരിച്ചറിയാൻ)

ബസുകൾ കട്ടപ്പുറത്ത്

5000ത്തോളം ബസുകളിൽ ഈ മാസത്തെ കണക്കുപ്രകാരം 4200 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ജീവനക്കാരുടെ കുറവ്, സ്പെയർപാർട്സ്- ടയർ ക്ഷാമം ഇവയെല്ലാംകൊണ്ട് പല ബസുകളും കട്ടപ്പുറത്താണ്. നന്നായി കളക്ഷൻ ലഭിച്ചു കൊണ്ടിരുന്ന പല സർവീസുകളും ഇപ്പോൾ ഓടുന്നില്ല. 668 ബസുകളും കെ.യു.ആർ.ടി.സിയുടെ 200 ബസുകളും കട്ടപ്പുറത്താണ്. സർവീസുകൾ റദ്ദാക്കുന്നതുമൂലമുള്ള കളക്ഷൻ കുറവ് നന്നായി ബാധിച്ചു.


സർക്കാർ സഹായം തുടരുമോ?

പെൻഷൻ നൽകാനുള്ള 66 കോടി കഴിഞ്ഞ ഒരു വർഷമായി സർക്കാർ നൽകുന്നുണ്ട്. അതിനാൽ, ആ ബാദ്ധ്യതയിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് തത്കാലം ആശ്വാസമുണ്ട്. എന്നാൽ, അടുത്ത മാർച്ചോടെ സർക്കാർ സഹായം നിറുത്തുമെന്ന അഭ്യൂഹം ഉയരുന്നുണ്ട് (ഇതിന് പക്ഷേ, സ്ഥിരീകരണമില്ല). അങ്ങനെയെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പെൻഷൻ ബാദ്ധ്യതകൂടാതെ 20 കോടി രൂപകൂടി സർക്കാർ നൽകുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിൽ അഞ്ച് കോടിയുടെ കുറവ് വന്നിട്ടുണ്ട്. ഡീസൽ കുടിശികയും ഓഡിറ്റ് പരിശോധനയുടെ ഭാഗമായി എ.ജിക്ക് നൽകേണ്ട തുകയുമൊക്കെ സർക്കാർ നേരിട്ട് നൽകുന്നതിനാലാണ് ഈ കുറവ് വന്നത്.

''

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിൽ അനിശ്ചിതകാല നിരാഹാരം നടന്നു വരികയാണ്. സാമ്പത്തിക ബാദ്ധ്യത മുഴുവനായും സർക്കാർ ഏറ്റെടുക്കണം. അതല്ലാതെ മറ്റ് പോംവഴിയില്ല. ഒരു ദിവസം ആയിരത്തോളം ഷെഡ്യൂളുകൾ റദ്ദാക്കുന്നത് ഗൗരവകരമായ അവസ്ഥയാണ്. ഇത് സ്വകാര്യ മേഖലയ്ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്.

എം.ജി രാഹുൽ, ജനറൽ സെക്രട്ടറി

ട്രാൻസ്‌‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)


''

സർക്കാർ ധനസഹായം നൽകിയാൽ മാത്രമേ കോർപ്പറേഷന് കരകയറാൻ കഴിയൂ എന്ന അവസ്ഥയിലാണ്. മുൻപ് ഉണ്ടായിരുന്ന നഷ്ടത്തിന്റെ തോത് ഇടതുപക്ഷ സർക്കാർ വന്നപ്പോൾ കുറഞ്ഞു. ഡീസലിന് ചുമത്തുന്ന അധിക നികുതി പിൻവലിക്കാനെങ്കിലും സർക്കാർ അടിയന്തരമായി ഇടപെടണം.

വി.ശാന്തകുമാർ, സെക്രട്ടറി

കെ.എസ്.ആർ.ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു)


''

യുഡി.എഫ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ഒരു മാസം മാത്രമാണ് ശമ്പളം മുടങ്ങിയത്. അന്ന് സമരം ചെയ്തവരാണ് ഇന്ന് ഭരിക്കുന്നത്. കടബാദ്ധ്യതയും പെൻഷനും ഏറ്റെടുക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ മറന്നിരിക്കുകയാണ്. അവശ്യ സർവീസായ കെ.എസ്.ആർ ടി.സിയെ നശിപ്പിക്കാനാണ് ചില തത്പര കക്ഷികൾ ശ്രമിക്കുന്നത്.

ആർ. ശശിധരൻ

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, ടി.ഡി.എഫ്