തിരുവനന്തപുരം: തന്റെ മുന്നിലിരുന്ന പഞ്ചസാര നിറച്ച ചുവന്ന ജാർ മന്ത്രി കെ.കെ. ശൈലജ കുട്ടികൾക്കു മുന്നിൽ തുറന്നു കാണിച്ചു. ജാറിനുള്ളിൽ പഞ്ചസാര മാത്രമല്ലേയുള്ളൂ,​ ആർക്കും സംശയമൊന്നും ഇല്ലല്ലോ. മന്ത്രിയുടെ ചോദ്യത്തിന് ഇല്ലെന്ന് ആവേശത്തോടെയുള്ള കുട്ടികളുടെ മറുപടി. തുടർന്ന് മന്ത്രി ജാർ അടച്ചു. അതിനുശേഷം മേശയ്ക്ക് മുകളിലിരുന്ന മാന്ത്രികവടി മൂന്നുതവണ ജാറിനു ചുറ്റും ചുഴറ്റി. പിന്നാലെ ജാർ തുറന്നതും മിഠായികൾ ഒന്നൊന്നായി മേശപ്പുറത്ത് വീണു. ഇന്നലെ അയ്യങ്കാളി ഹാളിൽ സാമൂഹ്യ സുരക്ഷാമിഷൻ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾക്കായി സംഘടിപ്പിച്ച മിഠായി കുട്ടിക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു മന്ത്രിയുടെ മാജിക്.

കുട്ടികൾ മാത്രമല്ല,​ മുതിർന്നവരും പഞ്ചസാര ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. താൻ ഇപ്പോൾ പഞ്ചസാര ഉപയോഗിക്കാറില്ലെന്ന് പറഞ്ഞ മന്ത്രി,​ മധുരമില്ലാത്ത ചായയ്ക്കാണ് ഏറ്റവും രുചിയുള്ളതെന്നും വ്യക്തമാക്കി. പ്രമേഹബാധിതരായ രണ്ട് കുട്ടികൾക്ക് മന്ത്രി ഇൻസുലിൻ പമ്പുകൾ വിതരണം ചെയ്തു. ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ അദ്ധ്യക്ഷനായി. മാന്ത്രികൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ സുരക്ഷാമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.