തിരുവനന്തപുരം: കൊച്ചിയുടെ സാംസ്‌കാരികവും ചരിത്രപരവുമായ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് കായൽ, ക്രൂസ് ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കടകംകപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. കെ.ജെ. മാക്‌സിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിരവധി പദ്ധതികൾക്ക് ടൂറിസം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശി, സ്വദേശി സഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമാണ് കൊച്ചി. 'ഫ്‌ളോട്ടിംഗ് ക്രൂസ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കം കൂത്തമ്പലം' എന്ന 4.84 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ കൂടി പശ്ചാത്തലത്തിൽ പാരമ്പര്യ കലാരൂപങ്ങളുടെ അവതരണങ്ങളും കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും പരമ്പരാഗത കേരളീയ ഭക്ഷണവിതരണവും ക്രൂസ് ടൂറിസ്റ്റുകൾക്ക് ഹൃദ്യമായ വരവേല്പും നൽകുക ലക്ഷ്യമിട്ട് 250 പേർക്ക് ഇരിപ്പിടമുൾപ്പെടെയുള്ള സജ്ജീകരണങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ഈ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇത് പൂർത്തിയാകുന്നതോടെ കൊച്ചിയിലെത്തുന്ന പ്രത്യേകിച്ചും ആഡംബര കപ്പലുകളിലെ സന്ദർശകർക്ക് കേരളത്തിന്റെ വൈവിദ്ധ്യമാർന്ന കലാരൂപങ്ങൾ ആസ്വദിക്കാം. കേരളത്തിന്റെ തനത് ഭക്ഷണവും മികച്ച ആതിഥേയ സേവനവും ലഭ്യമാക്കാനുമാവും.
ഇതിനുപുറമെ ചെല്ലാനം, ഫോർട്ടുകൊച്ചി, വൈപ്പിൻ, കടമക്കുടി ദ്വീപുകൾ എന്നിവയെ ബന്ധിപ്പിച്ച് പൈതൃക ഗ്രാമീണ കായലോര ടൂറിസം സർക്യൂട്ടിന്റെ സാദ്ധ്യതകളും പരിഗണനയിലുണ്ട്. വളന്തക്കാട് ദ്വീപിലെ ഗ്രാമീണ ടൂറിസം പരിപാടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനായ 99 ലക്ഷം രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.