തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് മൂന്നുമാസത്തിനകം കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നു മന്ത്റി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. റെയിൽവേയും കേന്ദ്രസർക്കാരും പദ്ധതി മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. പദ്ധതിയുടെ 98.6 ശതമാനം പൂർത്തീകരിച്ചു. ഒരു ഗർഡറുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം വച്ചു താമസിപ്പിക്കുകയാണ് റെയിൽവേ ചെയ്തത്. ഒന്നരവർഷമാണ് ഇങ്ങനെ കളഞ്ഞത്. ഗർഡർ മാറ്റി പുതിയതു സ്ഥാപിക്കുമെന്നാണു കരുതിയതെങ്കിലും ഒരു ബോൾട്ട് മാറ്റി അളവിൽ ചെറിയ വ്യത്യാസം വരുത്തുക മാത്രമാണ് വേണ്ടിവന്നതെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.
റെയിൽവേ കാട്ടിയ ദ്റോഹങ്ങൾക്കെതിരെ ശബ്ദിക്കാൻ ആരുമില്ലെന്നു സുധാകരൻ പറഞ്ഞു. ബൈപാസിനായി ഒരുതുള്ളി വിയർപ്പൊഴുക്കാത്തവർ ഞങ്ങൾക്ക് ബൈപ്പാസ് വേണം എന്ന മുദ്റാവാക്യം ഉയർത്തി അതിന്റെ താഴെ സമരം തുടങ്ങിയിട്ടുണ്ട്. അവർ യഥാർഥത്തിൽ സമരം ചെയ്യേണ്ടതു റെയിൽവേയുടെ ഓഫിസിനു മുന്നിലാണ്. റെയിൽവേയുടെ തോന്ന്യാസത്തിനെതിരെ ആരും പ്രതികരിക്കുന്നില്ല. കേന്ദ്രത്തിനെതിരേ ശബ്ദിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.