തിരുവനന്തപുരം: ആധുനിക ശുദ്ധീകരണശാലക്ക് ആവശ്യമായ സ്ഥലം ലഭ്യമാവുകയാണെങ്കിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നെടുങ്കുന്നം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാനാകുമെന്ന് മന്ത്റി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇതിനായി വിശദമായ സർവേ നടത്തി ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പ്റത്യേക അവലോകന യോഗം നടത്തി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഡോ. എൻ.ജയരാജിന്റെ സബ്മിഷന് ആദ്ദേഹം മറുപടി നല്കി.
നെടുങ്കുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾക്കുവേണ്ടി ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടുകൂടിയ സമഗ്റ കുടിവെളള പദ്ധതിയാണ് വേണ്ടിവരുന്നത്. ഈ മൂന്ന് പഞ്ചായത്തുകളിലെ നിലവിലെ ജനസംഖ്യ പ്റകാരവും പുറമേ ഇൻസ്​റ്റി​റ്റ്യൂഷണൽ ഡിമാന്റ്, ഇൻഡസ്ട്റീയൽ ഡിമാന്റ്, ഭാവി വികസനത്തിനുവേണ്ടി വരുന്ന അധികജലം ഉൾപ്പെടെ 15 എം.എൽ.ഡി. ശേഷിയുള്ള പദ്ധതിയാണ് ലക്ഷ്യം. മണിമലയാറിലെ കുളത്തൂർ മൂഴിയിൽ ജലസേചന വകുപ്പിന്റെ പുതിയ ചെക്ക് ഡാം പണി പൂർത്തിയാകുമ്പോൾ ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.