andra

നെയ്യാറ്റിൻകര : ബൈക്ക് വയ്ക്കാൻ അനുവാദം ചോദിച്ച് അയൽവാസിയായ സ്ത്രീയുടെ വീട്ടിലെത്തി തോക്ക് ചൂണ്ടി മാല കവർന്ന് രക്ഷപ്പെട്ട ആന്ധ്ര രാജേഷ് എന്ന രാജേഷ് പിടിയിൽ.

നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ അയണിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ പത്രം ഏജന്റായ അനിൽകുമാറിന്റെ വീട്ടിലെത്തി ഭാര്യ ജയശ്രീ, മകൾ അനിജ എന്നിവരുടെ ആഭരണങ്ങൾ കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. സംഭവശേഷം ആന്ധ്രയിലേക്ക് കടന്ന ഇയാളെ സി.ഐ ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റിവയ്ക്കട്ടെ എന്നു ചോദിച്ചാണ് അക്രമി വീട്ടിൽ എത്തിയത്. വേറെ വാഹനം കൊണ്ടു വയ്ക്കാനുള്ളതിനാൽ സാധിക്കില്ലെന്ന് ജയശ്രീ പറഞ്ഞു. തുടർന്ന് തിരിച്ചു പോകുന്നതായി ഭാവിച്ച രാജേഷ് പെട്ടെന്ന് പിന്നിലെ വാതിലിലൂടെ വീട്ടിനകത്ത് കയറുകയായിരുന്നു. മുന്നിലെ ഗ്രിൽ ഓടിവന്ന് പൂട്ടിയിട്ടശേഷം അകത്ത് നിൽക്കുകയായിരുന്ന ജയശ്രീയെയും അനിജയെയും ഒരു മുറിക്കുള്ളിൽ കയറ്റി നിറുത്തിയ ശേഷം തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് ഇരുവരുടെയും നേരെ ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം ജയശ്രീയുടെ മാല പൊട്ടിച്ചു. തുടർന്ന് മകളുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ജയശ്രീ അക്രമിയുടെ കൈയിലിരുന്ന മാല പിടിച്ചുവലിച്ചു. പിടിവലയിൽ മാലയുടെ ഒരു കഷണം പൊട്ടി താഴെ വീണു. പിടിവലിക്കിടെ മകളുടെ മാലയുടെ താലിയും ഇളകിവീണു. സ്ത്രീകൾ നിലവിളിച്ചതോടെ രാജേഷ് ബൈക്കെടുത്ത് രക്ഷപ്പെട്ടു. ജയശ്രീ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പിടിവലിക്കിടെ ജയശ്രീയുടെ കൈയ്ക്കും അനിജയുടെ കഴുത്തിനും പരിക്കേറ്റിരുന്നു. പൊലീസ് കസ്റ്റഡിയിലായ രാജേഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.