behara

തിരുവനന്തപുരം : നഗരമദ്ധ്യത്തിൽ തിരക്കേറിയ പട്ടം ജംഗ്ഷനിൽ അപ്പൂപ്പനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഏഴുവയസുകാരൻ ബസിനടിയിൽപ്പെട്ടു മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ രാത്രിയിൽ സ്റ്റേഷനിലെത്തി. അപകടത്തെ കുറിച്ച് മനസിലാക്കിയ അദ്ദേഹം

പൊലീസുകാരോട് പൊട്ടിത്തറിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ തയ്യാറാക്കിയതിൽ വീഴ്ച വരുത്തിയ മെഡിക്കൽ കോളേജ് എസ്.ഐയെ ഒരാഴ്‌ചത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് ലഭിച്ച വിശദീകരണങ്ങളിൽ തൃപ്തനാകാത്ത ഡി.ജി.പി ഞായറാഴ്ച ഡെപ്യൂട്ടി കമ്മിഷണർമാർ ഉൾപ്പെടെയുള്ളവരോട് രാത്രി 10 ഓടെ കേസ് ഡയറിയുമായി പട്ടം ട്രാഫിക് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചു.

11ഓടെ ഡി.ജി.പിയെത്തി. തുടർന്ന് ഉദ്യോഗസ്ഥരോട് അപകടം നടന്ന സ്ഥലം കാട്ടിത്തരാൻ നിർദ്ദേശിച്ചു. ലോക്‌നാഥ് ബെഹ്റ മുൻപേ നടന്നു. ഡെപ്യൂട്ടി കമ്മിഷണർമാരായ ഹർഷിത അട്ടല്ലൂരി, ആർ. ആദിത്യ എന്നിവരും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർമാർ, സി.ഐമാർ, എസ്.ഐമാർ എന്നിവരും മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെയും. കെ.എസ്.ഇ.ബിക്ക് മുന്നിൽ അപകടം നടന്ന സ്ഥലം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ അപകടം വിശദീകരിച്ചു. റോഡിലെ ഗട്ടറാണ് അപകടകാരണമെന്നും പറഞ്ഞു. ഇതിനിടെ അദ്ദേഹം എഫ്.ഐ.ആർ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളും എഫ്.ഐ.ആറിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേട് വന്നതോടെ ഡി.ജി.പി രോഷാകുലനായി. ഒരു കുട്ടിയുടെ ജീവനെടുത്ത സംഭവത്തെ നിസാരവത്കരിച്ചതെന്തിനെന്ന് മെഡിക്കൽ കോളേജ് എസ്.ഐയോട് ചോദിച്ചു. എസ്.ഐയുടെ മറുപടിയിൽ തൃപ്തനാകാത്ത ഡി.ജി.പി ഇനി ഇത്തരം വീഴ്‌ച വരുത്തരുതെന്ന താക്കീത് നൽകിയതോടൊപ്പം എസ്.ഐയെ ഒരാഴ്ച പൊലീസ് അക്കാഡമിയിൽ പരിശീലനത്തിന് അയയ്ക്കാനും നിർദ്ദേശിച്ചു. തുടർന്ന് കേസിന്റെ അന്വേഷണ ചുമതല ഡി.സി.പി ആദിത്യയ്ക്ക് കൈമാറുകയും ചെയ്തു. ട്രാഫിക് നിയന്ത്രണത്തിന് പൊലീസുകാർ സ്റ്റേഷനുകളിൽ നിന്ന് പുറത്തിറങ്ങാത്ത സ്ഥിതിയാണെന്ന് ഡി.ജി.പി തുറന്നടിച്ചു. ട്രാഫിക് ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതും നൽകി. 11.30 ഓടെ സ്ഥലത്തു നിന്നു ഡി.ജി.പി മടങ്ങി. പിന്നാലെയാണ് നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ട്രാഫിക് ക്രമീകരണങ്ങളിൽ മാറ്റംവരുത്തുന്നതിനുമായി യോഗം വിളിച്ചത്. ഞായറാഴ്ച രാവിലെ 11ന് നന്ദാവനം എ.ആർ ക്യാമ്പിലാണ് യോഗം ചേരുന്നത്. അഭിപ്രായം അറിയിക്കാൻ താത്പര്യമുള്ള നഗരവാസികൾ ഉൾപ്പെടെയുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കാം.

ഡി.ജി.പി ചൂണ്ടിക്കാട്ടിയ വീഴ്‌ച ഇങ്ങനെ

കേസുമായി ബന്ധപ്പെട്ട് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് 304 എ വകുപ്പാണ് ബസ് ഡ്രൈവർക്കെതിരെ ചുമത്തിയിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണ്. ബസിന് മുന്നിലൂടെ ബൈക്ക് പോകുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. അശ്രദ്ധയോടെയാണ് ഡ്രൈവർ വാഹനം ഓടിച്ചതെന്ന് മൊഴിയിൽ വ്യക്തമായ സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 304 ചുമത്തി കേസെടുക്കാത്തതിനാണ് എസ്.ഐ ശ്രീകാന്തിനെ പരിശീലനത്തിന് അയച്ചത്.