തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് നികുതി വരുമാനം 20 ശതമാനം ഉയർത്താനുള്ള ശ്രമം വിജയിച്ചില്ലെന്ന് നിയമസഭയിൽ മന്ത്രി തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനടക്കം 17 ശതമാനം ചെലവ് വർദ്ധിച്ചു. ഇത് ധൂർത്തല്ല. ചരക്കു സേവന നികുതിയുടെ ഭാഗമായി കിട്ടേണ്ട 1600 കോടി വിഹിതം കേന്ദ്ര സർക്കാർ നൽകാതിരുന്നതിനാലാണ് സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്റണം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സർക്കാരിന്റെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സർക്കാർ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നവീകരണത്തിന് കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അദ്ധ്യാപകരുടെയും തസ്തികകൾ സൃഷ്ടിച്ചതാണ് ചെലവ് 17 ശതമാനം കൂടാനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിൽ അധികമായെത്തി. അടിസ്ഥാന സൗകര്യ വികസനം, ഗെയ്ൽ പൈപ്പ് ലൈൻ, പവർഗ്രിഡ്, ദേശീയപാത എന്നിവയ്‌ക്കെല്ലാം പണം ചെലവഴിച്ചു. പവർഗ്രിഡ് യാഥാർത്ഥ്യമാക്കിയതോടെ 2040 വരെയുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. മലയോര ഹൈവേ ഏഴ് റീച്ചിൽ ഒരേസമയം നിർമ്മാണം നടക്കുന്നു. മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി നികുതിയിലും ഇളവു നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ 329 കോടി മാത്രമാണ് കുടിശികയുള്ളത്. 43.3 ശതമാനം വിഹിതം ചെലവഴിക്കാനായി. റബറിന് 220 കോടിയുടെ വിലസ്ഥിരതാഫണ്ട് 400 കോടിയാക്കി- ഐസക് പറഞ്ഞു.
കാബിനറ്റ് റാങ്കുകൾ വാരിക്കോരി കൊടുക്കുന്നതും ഉപദേശികളെ ഓരോ ദിവസവും നിയോഗിച്ച് ഭാരിച്ച ശമ്പളം നൽകുന്നതും ധന പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി.ഡി. സതീശൻ ആരോപിച്ചു. സർക്കാർ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം നൽകാൻ ഈ മാസത്തെ മുഴുവൻ ചെലവും നിറുത്തിവച്ചിരിക്കുകയാണെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ശാസ്ത്രീയമായ അഴിമതി നടത്തുകയാണ്. നികുതി പിരിവിൽ ഉദാസീനതയാണ്. വെറും 400 കോടിയാണ് ട്രഷറിയിലെ നീക്കിയിരുപ്പ്. 1000 രൂപയുടെ ടെലിഫോൺ ബില്ല് പോലും മാറുന്നില്ല. ലോകബാങ്കിന്റെ പ്രളയസഹായമായ 1750 കോടി വകമാറ്റിയെന്നും ചെന്നിത്തല പറഞ്ഞു.