 നീളൻ ജൂബയും കഷണ്ടിത്തലയും അതിനൊത്ത കുംഭയും കറുപ്പും വെളുപ്പും കലർന്ന താടിമീശകളുമായാൽ ധനകാര്യവിദഗ്ദ്ധനായി എന്നത് തോമസ് ഐസക്കിനെ കണ്ടുശീലിച്ചവരുടെ ധാരണയാണ്. കൈയിലൊരു ചുവന്ന മഷിപ്പേന കൂടിയുണ്ടാവുമ്പോഴാണ് ലക്ഷണമൊത്ത ധനകാര്യമന്ത്രിയാവുകയെന്ന് പക്ഷേ വി.ഡി. സതീശൻ പറയുന്നു. തോമസ് ഐസക്കിന്റെ ജൂബാപോക്കറ്റിൽ അങ്ങനെയൊരെണ്ണം അദ്ദേഹം കാണുന്നുണ്ടെങ്കിലും അതിലെ മഷി വറ്റിപ്പോയതിനാൽ ഐസക്കിന്റെ ധനകാര്യശേഷിയിൽ തേയ്മാനം സംഭവിച്ചുപോയെന്ന് സതീശൻ നിരൂപിച്ചു. ധൂർത്തൊന്നും നിയന്ത്രിക്കാനാവുന്നില്ല. പല്ലുപോയ പുലിയെന്ന് ചുരുക്കം.

ഈ സ്ഥിതിക്ക് തോമസ് ഐസക് ധനമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സതീശൻ ഉപദേശിച്ചു. ഇല്ലെങ്കിൽ ഈ സർക്കാർ ഇറങ്ങാൻ നേരത്ത്, കിട്ടിയ പ്രതിയുടെ തലയിൽ തെളിയാത്ത കേസുകളെല്ലാം പൊലീസുകാർ കെട്ടിവയ്ക്കുന്നത് പോലെ ഐസക്കിന്റെ തലയിൽ കുറ്റങ്ങളെല്ലാം കെട്ടിവയ്ക്കപ്പെടുമെന്നും സതീശൻ സ്നേഹബുദ്ധ്യാ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് വകവച്ചുകൊടുക്കാൻ ഐസക് തയ്യാറായില്ല. കേന്ദ്രം ചതിച്ചതിനാൽ ചില നിയന്ത്രണങ്ങളൊക്കെ വേണ്ടിവന്നുവെന്ന് പക്ഷേ അദ്ദേഹം സമ്മതിച്ചുകൊടുത്തു.

വീട്ടിലെ ദാരിദ്ര്യം പുറത്തറിയാതിരിക്കാൻ പണ്ടുകാലത്ത് കാരണവന്മാർ പുരപ്പുറത്ത് പട്ടുകോണകം തൂക്കിയിടുന്നത് പോലുള്ള ഏർപ്പാടാണ് തോമസ് ഐസക്കിന്റെ കിഫ്ബിയെന്നാണ്, അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച സതീശന്റെ പരിഹാസം. പ്രതിപക്ഷ ആരോപണത്തെ ഐസക് നേരിട്ടത് പൊതുവിദ്യാലയ സംരക്ഷണവും പൊതുജനാരോഗ്യസംരക്ഷണവും ക്ഷേമപെൻഷൻവിതരണവും മറ്റും ധൂർത്താണോയെന്ന് ചോദിച്ചാണ്. 'ജനങ്ങൾ നിങ്ങളുടെ അട്ടത്തല്ല, അവർക്ക് സന്തോഷമാണ്' എന്ന് ഐസക് പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി. നാല് അധിക കാബിനറ്റ് പദവികൾ, മുഖ്യമന്ത്രിയുടെ ആറ് ഉപദേശകർ, പെരിയ കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ വാദിക്കാൻ ലക്ഷങ്ങൾ മുടക്കി അഭിഭാഷകൻ എന്നിവയെല്ലാം ധൂർത്തല്ലേയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചുചോദിച്ചു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും ഒഥല്ലോയെ തെറ്റിദ്ധരിപ്പിക്കുന്ന വില്ലൻ ഇയാഗോയോട് ഐസക്കിനെ ചെന്നിത്തല ഉപമിച്ചത്, പല മുനകൾ വച്ചാണ്.

സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്ന അംഗങ്ങൾക്ക് കവറുകളിൽ കിട്ടുന്നത് ഡിലേ സ്റ്റേറ്റ്മെന്റുകളുടെ കെട്ടുകളാണെന്ന് ക്രമപ്രശ്നത്തിലൂടെ റോജി എം. ജോണും എം. ഉമ്മറും പരിഭവിച്ചു. 15 ദിവസത്തിനകം ചോദ്യത്തിന് മറുപടി നൽകാനായില്ലെങ്കിൽ കാലതാമസത്തിന് കാരണം വിശദീകരിക്കണമെന്ന് ചട്ടത്തെ മന്ത്രിമാർ അവസരമാക്കിയെടുക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ സഭയിൽ താൻ പ്രതിപക്ഷത്തിരുന്ന് ചോദിച്ച ചോദ്യത്തിന് താൻ തന്നെ മറുപടി നൽകേണ്ട അവസ്ഥ വിവരിച്ചാണ് മന്ത്രി എ.കെ. ബാലൻ നിസഹായത പ്രകടമാക്കിയത്.

മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഇസ്ലാമികതീവ്രവാദസംഘടനകളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞതിൽ പ്രതിപക്ഷം രാഷ്ട്രീയായുധം കണ്ടെത്തി. കോഴിക്കോട്ട് അറസ്റ്റിലായ സി.പി.എം പ്രവർത്തകർ അതാണോയെന്ന് ചോദിച്ച് ആദ്യവെടി പൊട്ടിച്ചത് പ്രതിപക്ഷനേതാവാണ്. മൈതാനപ്രസംഗം നോക്കി നിലപാടെടുക്കരുതെന്ന് പ്രതിപക്ഷനേതാവിനെ മന്ത്രി ഇ.പി. ജയരാജൻ ഉപദേശിച്ചിട്ടും, മദ്രസാദ്ധ്യാപകക്ഷേമനിധി ബിൽ ചർച്ചയിൽ പി. ഉബൈദുള്ളയും ടി.ജെ. വിനോദും ടി.വി. ഇബ്രാഹിമും അൻവർസാദത്തുമെല്ലാം ഇതെടുത്തു പ്രയോഗിച്ചു. തന്നെ പഠിപ്പിച്ച മദ്രസാദ്ധ്യാപകരെയെല്ലാം സ്മരിച്ചാണ് മന്ത്രി കെ.ടി. ജലീൽ ബിൽചർച്ച ഉപസംഹരിച്ചത്. കെ.എസ്.യു മാർച്ചിനിടെ പൊലീസ് ഷാഫി പറമ്പിലിന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ച് കർഷക കടാശ്വാസകമ്മിഷൻ ഭേദഗതിബിൽ ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാക്കിയങ്കം ഇന്ന്.