വർക്കല: ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം ജനകീയ കാമ്പയിൻ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആർദ്രം പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ഇതിന്റെ തുടർ നടത്തിപ്പ് സമൂഹത്തെ ഏൽപ്പിക്കാനുള്ള ശ്രമമാണ് ആർദ്രം ജനകീയ കാമ്പയിൻ. ഒരുവർഷം നീണ്ടുനിൽക്കുന്ന കാമ്പെയിനാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലെയും ശുചിത്വ സമിതികൾ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. അതത് വാർഡുകളിലെ ആരോഗ്യ പ്രശ്നങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കാനും കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ..എച്ച്. സലിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

പകർച്ച വ്യാധികളെയും ജീവിത ശൈലിരോഗങ്ങളെയും പ്രതിരോധിക്കുക, ജനങ്ങളുടെ ആരോഗ്യ ശീലങ്ങളിൽ ഗുണപരമായ ഭക്ഷണ ശീലം വളർത്തുക, വ്യായാമവും ശാരീരിക അദ്ധ്വാനവും വർദ്ധിപ്പിക്കുക, ലഹരിയുടെ ഉപയോഗം തടയുക എന്നീ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഈ കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ കാമ്പയിന് ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും നേതൃത്വം കൊടുക്കും. ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, സ്കൂളുകൾ സന്നദ്ധ സഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരെയും ഈ കാമ്പയിന്റെ ഭാഗമാക്കാൻ യോഗം തീരുമാനിച്ചു. ഡോ. അൻവർ അബ്ബാസ്, ഡോ. അരുണ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.