കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെട്ട മൂന്ന് മുക്ക് - ആണ്ടികോണം ഏലായിലേയ്ക്കുള്ള റോഡിന്റെ പണി നാട്ടുകാർ തടഞ്ഞു. 200 മീറ്റോളം നീളമുള്ള ഇടറോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ വസ്തു തീരുന്ന ഭാഗം വരെയുള്ള 65 മീറ്റർ മാത്രം കോൺക്രീറ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പണി തടഞ്ഞത്. ഈ 65 മീറ്ററിന് ശേഷമുള്ള വഴിയിലൂടെ കാൽനട പോലും ദുഷ്കരമായിട്ടും ഈ ഭാഗം അവഗണിച്ചതിനാലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്രയും ദുർഘടമായ വഴികൂടി ശരിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുരേഷ് കുമാർ അംഗീകരിക്കാതിരുന്നതോടെയാണ് നാട്ടുകാർ സംഘടിച്ച് വഴി തടഞ്ഞത്. രംഗം വഷളായതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ സ്ഥലത്തെത്തിയെങ്കിലും ജനങ്ങളോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ മടങ്ങിയെന്നും ആക്ഷേപമുണ്ട്.