മലയിൻകീഴ്: ഗോവിന്ദമംഗലം തകിടിയിലെ ഉയർന്ന ഭാഗത്തെ മണ്ണ് ഭൂമാഫിയ സംഘം വ്യാപകമായി ഇടിച്ച് കടത്തുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് നിന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജെ.സി.ബിയും ടിപ്പറുകളും ഉപയോഗിച്ച് രാത്രിയും പകലുമായി 500 ലോഡ് മണ്ണ് കടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഗോവിന്ദമംഗലത്തിനും വേലിക്കോടിനും മദ്ധ്യേയുള്ള തകിടി ഏലായോട് ചേർന്ന് കിടക്കുന്ന കുന്നിൻചരുവിലെ മണ്ണാണ് യാതൊരു നിയന്ത്രണവുമില്ലാതെ മാറ്റുന്നത്. ഈ മണ്ണ് ഊരൂട്ടമ്പലം - വിഴിഞ്ഞം റോഡിലെ സ്വകാര്യ ഭൂമിയിലാണ് കൊണ്ടിടുന്നതെന്നും പൊലീസും റവന്യൂ വകുപ്പും അറിയാതെ ഇത്രയും ലോഡ് മണ്ണ് ഒരിടത്ത് കൊണ്ടിടാൻ കഴിയില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. മണ്ണിടിച്ച് മാറ്റുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഉടമയെ ആർക്കുമറിയില്ലത്രേ. നേരത്തെ ഈ സ്ഥലത്ത് നിന്ന് മണ്ണിടിച്ച് മാറ്റുന്ന വിവരം സമീപവാസി അധികൃതരെ അറിയിച്ചതിനെ തുടർന്ന് കുന്നിടിക്കൽ നിറുത്തിവച്ചിരുന്നു. എന്നാൽ വീണ്ടും മണ്ണിടിച്ചിൽ നടത്തുന്നതായാണ് പരാതി. മലയിൻകീഴ് വില്ലേജ് ഓഫീസിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് സമീപവാസികൾ പറയുന്നത്. കുന്നിടിച്ച് മാറ്റുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്നാണ് പാരിസ്ഥിതി പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.