വിതുര: തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ വിതുരയെ കാക്കാനായി ഇനി മുതൽ സി.സി.ടി.വി കാമറകൾ മിഴി തുറക്കും.വിതുര മേഖലയിൽ വർദ്ധിച്ച അപകടമരണങ്ങൾക്കും,അപകടങ്ങൾക്കും,മാലിന്യനിക്ഷേപത്തിനും,കഞ്ചാവ് വിൽപ്പനയ്ക്കും തടയിടുന്നതിനായാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത്.പൊൻമുടി-വിതുര റൂട്ടിൽ നിരന്തരം നടക്കുന്ന അപകടങ്ങളെ കുറിച്ചും .ലഹരിവിൽപ്പനയെ കുറിച്ചും,മാലിന്യനിക്ഷേപത്തെ കുറിച്ചും,മോഷണപരമ്പരകളെ കുറിച്ചും കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് അടിയന്തരമായി യോഗം ചേർന്ന് വിതുരയിലും പരിസരപ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊതുജനങ്ങളുടെയും,വ്യാപാരികളുടെയും സഹകരണത്തോടെ ആദ്യഘട്ടത്തിൽ മുപ്പത് കാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.അടുത്തിടെ ഇൗ ജംഗ്ഷനുകളിൽ അനവധി അപകടങ്ങൾ അരങ്ങേറിയിരുന്നു.രണ്ട് മരണവും നടന്നു. നിരവധി പേരെ ബൈക്ക് യാത്രികർ ഇടിച്ചിട്ടിട്ട് കടന്നു കളഞ്ഞു.മാത്രമല്ല പൊൻമുടിയിലെത്തിയ ടൂറിസ്റ്റുകളെ ആക്രമിച്ചിട്ട് കടന്ന സംഭവവും അരങ്ങേറി.ഫണ്ട് കണ്ടെത്തുന്നതിൻെറ ഭാഗമായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഒാണക്കാലത്ത് ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.