തിരുവനന്തപുരം: പൊലീസുകാർ അടിവീരന്മാർ ആകുമ്പോൾ എം.എൽ.എമാർക്ക് തെരുവിൽ തല്ലിന്റെ പൂരക്കാലം. കൊച്ചിയിൽ സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാർച്ചിനിടെ മൂവാറ്റുപുഴയിലെ ഭരണപക്ഷ എം.എൽ.എ ആയ എൽദോ എബ്രഹാമിനെ അടിച്ചൊതുക്കിയതിനു പിന്നാലെ ഇന്നലെ കെ.എസ്.യു നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിലിന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സംഘർഷത്തിനിടയിലേക്ക് എം.എൽ.എമാർ വന്നുകയറുകയായിരുന്നു എന്ന പൊലീസ് റിപ്പോർട്ട് അതേപടി വിഴുങ്ങുകയാണ് ആഭ്യന്തരവകുപ്പ്.
അന്ന്
എൽദോ എബ്രഹാം എം.എൽ.എയെ ക്രൂരമായി മർദ്ദിച്ചതിന് എതിരെ മന്ത്രിസഭയിലും മുന്നണിയിലും വിമർശനമുയർന്നിട്ടും കേസിൽ ഉൾപ്പെട്ട കൊച്ചി സെൻട്രൽ സ്റ്റേഷൻ എസ്.ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിലൊതുങ്ങി, അന്നത്തെ നടപടി.
എം.എൽ.എയെ തിരിച്ചറിയുന്നതിൽ ഉൾപ്പെടെ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പൊലീസിന് എതിരെ നടപടി വേണ്ടെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഇന്നലെ
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ പൊലീസുകാർ തറയിൽ വളഞ്ഞിട്ട് മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് ഷാഫിക്ക് പരിക്കേറ്റത്. എം.എൽ.എയെ അടിക്കരുതെന്ന് കന്റോൺമെന്റ് സി.ഐ അനിൽകുമാർ ആവർത്തിച്ച് വിളിച്ചുപറഞ്ഞത് വകവയ്ക്കാതെയാണ് പൊലീസ് സംഘം ഷാഫിയുടെ തലയ്ക്കടിച്ചത്.
ലാത്തിയടിയേറ്റ് ഷാഫിയുടെ തലപൊട്ടി ചോരയൊലിച്ചതു കണ്ട് പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും ഷാഫിക്ക് പ്രവർത്തകരെ ശാന്തരാക്കി പൊലീസ് വാഹനത്തിൽ കയറ്റിവിടാനായി.
മന:പൂർവം
നിയമസഭാ സമ്മേളന സമയത്തെ പ്രതിഷേധമാർച്ചുകൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനടുത്ത് തടയുകയാണ് പതിവ്. സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഇല്ലാതിരുന്നിട്ടും വൻ പൊലീസ് സന്നാഹത്തെയാണ് കെ.എസ്.യു മാർച്ച് നേരിടാൻ വിന്യസിച്ചത്. എം.എൽ.എയെ പൊലീസ് മനഃപൂർവം മർദിച്ചതിനും ബലപ്രയോഗം നടത്തിയതിനും തെളിവില്ലെന്ന് എൽദോയുടെ കാര്യത്തിൽ പറഞ്ഞതുപോലെ ഇന്നലത്തെ സംഭവത്തിലും പ്രതികളായ പൊലീസുകാരെ നേതൃത്വം രക്ഷിക്കാനാണ് സാദ്ധ്യത.
പച്ചക്കള്ളം
അറസ്റ്റ് ചെയ്ത് വാഹനത്തിലിരുത്തിയതിനു ശേഷം, ലാത്തിച്ചാർജ്ജിന് ഇടയിലേക്ക് ഇറങ്ങിവന്ന് ഷാഫി പറമ്പിൽ മന:പൂർവം അടി വാങ്ങുകയായിരുന്നു. ഇതു തെളിയിക്കുന്ന വീഡിയോ,ആഡിയോ തെളിവുകൾ ഉണ്ടെന്നും പൊലീസ്.
അസംതൃപ്‌തിയും നിഷ്‌ക്രിയത്വവും
പൊലീസിനു മേൽ സർക്കാരിനുള്ള പിടി അയഞ്ഞതുപോലെയാണ് കാര്യങ്ങൾ. പ്രധാന നിയമനങ്ങളെല്ലാം രാഷ്ട്രീയ ശുപാർശയിൽ. ഡി.ജി.പി ബെഹ്റയ്‌ക്കു മുകളിൽ ചീഫ് സെക്രട്ടറി റാങ്കോടെ മുൻ ഡി.ജി.പി രമൺ ശ്രീവാസ്‌തവ സേനയെ ഭരിക്കുന്നു.
ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ ഇരുപതിലേറെ ഉദ്യോഗസ്ഥരുണ്ടെങ്കിലും പൊലീസ് മേധാവിക്കു പുറമെ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനു മാത്രമാണ് ക്രമസമാധാനചുമതല. ഉപദേശകരുടെ വാക്കുകേട്ടു നടത്തിയ അഴിച്ചുപണിയിൽ സേനയിൽ അതൃപ്തി.
അഞ്ചു ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരെ സിറ്റികളിൽ കമ്മിഷണർമാരാക്കി, അതിനു മുകളിലുള്ള റേഞ്ചുകളിൽ ഡി.ഐ.ജിമാരെ നിയോഗിച്ചു. ഉത്തര- ദക്ഷിണ അഡി.ഡി.ജി.പിമാരെ ഒഴിവാക്കി. കമ്മിഷണറായി ഒതുക്കപ്പെട്ട ഐ.ജിമാർ നിഷ്‌ക്രിയർ.
നാല് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാരെ ഒറ്റ സ്റ്റേഷന്റെ എസ്.എച്ച്.ഒ ആക്കി ഒതുക്കി. ഡിവൈ.എസ്.പിമാർക്കും ഇൻസ്പെക്ടർമാർക്കുമിടയിലെ ഒരു തട്ട് നിരീക്ഷണം ഇല്ലാതായി. അന്വേഷണത്തിലടക്കം വീഴ്ചകൾ തുടർക്കഥയായി.