ഫൈബർ പോളില്ലാത്തതിനാൽ നിബിനെ മത്സരിപ്പിച്ചില്ല
കണ്ണൂർ: മുളവടി കൊണ്ട് പോൾവാട്ടിൽ പരിശകലനം നടത്തിയെത്തിയ നിബിൻ ഫൈബർ പോളില്ലെങ്കിൽ മത്സരിക്കാൻ പറ്റില്ലെന്ന് സംഘാടകർ പറഞ്ഞതോടെ ഫീൽഡിന്റെ ഓരം ചേർന്ന് നിന്നു. ഏറെ പ്രതീക്ഷകളോടെ കണ്ണൂരേക്ക് വണ്ടി കയറിയ നിബിൻ ഗ്രൗണ്ടിലെത്തിയപ്പോഴാണ് മത്സരത്തിന് ഫൈബർ പോൾ ഇല്ലാതെ വരുന്നവർക്ക് സംഘാടകർ സാധാരണ നൽകുന്ന പൊതുവായ പോളില്ലെന്ന കാര്യം അറിയുന്നത്. പോൾ കടംവാങ്ങി മത്സരിക്കാമെന്ന് വച്ചെങ്കിലും നടന്നതുമില്ല. പിന്നെ തനിക്ക് മെഡൽ നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന പോൾവാൾട്ട് മത്സരത്തിന് കാണിയാകാനായിരുന്നു നിബിന്റെ വിധി.
പരിമിതികളിൽ നിന്ന് യാതൊരു പരിശീലനവുമില്ലാതെ മുളയുടെ പോളിൽ മത്സരിച്ചാണ് ഈ മിടുക്കൻ മൂന്നാം തവണയും സംസ്ഥാന മീറ്റിനെത്തിയത്. തൃശൂർ ആളൂർ ആർ.എം.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ്ടുവിദ്യാർത്ഥിയായ നിബിൻ കോട്ടാറ്റ് സെന്റ് ആന്റണീസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ വെള്ളി നേടിയിരുന്നു. അന്ന് രണ്ടുപേർക്ക് വെള്ളിമെഡലുണ്ടായിരുന്നതിനാൽ
ദേശീയ സെലക്ഷനുള്ള താരത്തെ ടോസിട്ടാണ് തിരഞ്ഞെടുത്തത്. ടോസിൽ നിബിന് അവസരം ലഭിച്ചില്ല.
750000 രൂപ വില വരുന്ന ഫൈബർ പോൾ വാങ്ങാൻ ശേഷിയുള്ള കുടുംബമല്ല നിബിന്റേത്. 2017ൽ സംസ്ഥാന കായികമേളയിൽ വെള്ളി നേടിയപ്പോൾ ചാലക്കുടി നഗരസഭ അധികൃതർ ഫൈബർ പോൾ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചില്ലെന്ന് നിബിൻ പറയുന്നു. ചാലക്കുടി വെള്ളാഞ്ചിറ ആച്ചാണ്ടി വീട്ടിൽ ടയർ പണിക്കാരനായ ഷാജുവിന്റെയും ജെന്നി ഷാജുവിന്റെയും മകനാണ്. ഷാജു . നിതിൻ, നിഖിൽ എന്നിവരാണ് സഹോദരങ്ങൾ.
കോമൺ ഫൈബർ പോളില്ലാത്തതിനാൽ എട്ടോളം താരങ്ങൾക്കാണ് ഇത്തവണ മത്സരിക്കാൻ അവസരം നഷ്ടമായത്. എന്നാൽ രണ്ട് വർഷമായി കോമൺ പോൾ നൽകുന്നില്ലെന്നാണ് സംഘാടകർ പറയുന്നത്.