തിരുവനന്തപുരം : പി.ഗോവിന്ദപിള്ള സ്‌മാരക സാഹിത്യ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ.പുതുശേരി രാമചന്ദ്രനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പി.ജി സ്മാരക യുവസാഹിത്യ പുരസ്കാരത്തിന് യുവ എഴുത്തുകാരി അനാർക്കലിയും അർഹയായി. 5000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്കാരം. 22ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി വി.കെ.മധു അറിയിച്ചു. പ്രൊഫ.വി.എൻ. മുരളി, പി.കെ.രാജ്മോഹൻ, വിനോദ് വൈശാഖി, എൻ.എസ്.വിനോദ്, കരീക്കുഴി അനിൽ എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.