തിരുവനന്തപുരം: സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന അപൂർവ വസ്തുക്കളുടെ പ്രദർശനവുമായി മ്യൂസിയത്തിൽ പൈതൃക വാരാഘോഷത്തിന് തുടക്കമായി. നേപ്പിയർ മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള അപൂർവ വസ്തുക്കളുടെ പ്രദർശനമാണ് മ്യൂസിയം ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിട്ടുള്ളത്. പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന വിവിധ തരം വസ്തുക്കളാണ് പ്രദർശനത്തിനുള്ളത്.
25 വരെ നീണ്ടുനിൽക്കുന്ന വാരാചരണം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷനായി. പുരാരേഖപുരാവസ്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, മ്യൂസിയം-മൃഗശാല ഡയറക്ടർ എസ്.അബു, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ.രജികുമാർ, പുരാവസ്തു ഡയറക്ടർ കെ.ആർ.സോന, മ്യൂസിയം സൂപ്രണ്ട് പി.എസ്.മഞ്ജുളാദേവി തുടങ്ങിയവർ സംസാരിച്ചു. ദിവസവും വൈകീട്ട് ആറിന് മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. നാടിന്റെ പൈതൃകവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്കും ജനങ്ങൾക്കുമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.