കടയ്ക്കാവൂർ: പഴഞ്ചിറ ഏലാതോട് നവീകരണത്തിലുണ്ടായ അപാകത മൂലം കൃഷിക്കാർ വലയുന്നു. നവീകരണം കഴിഞ്ഞതോടെ സമീപത്തെ വയലുകളിലേക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണിപ്പോൾ.
നവീകരിച്ചതോടെ പഴഞ്ചിറ ഏലാതോടിന്റെ ഇരുവശങ്ങളിലുമുള്ള പാറക്കെട്ടിന്റെ ഇടയിൽക്കൂടി സംഭരിക്കാൻ കഴിയാത്തവിധം വെള്ളം ഒഴുകിപോവുകയാണ്. തോടിന്റെ ഉയരം കാരണം കൃഷിക്കാർക്ക് കറ്റയുമായോ കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങളുമായോ തോട് മുറിച്ചു കടക്കാൻ സാധിക്കില്ല.
അമ്പത്തിരണ്ട് ഹെക്ടർ വരുന്ന പഴഞ്ചിറ ഏലാപാടശേഖരത്തിൽ ഏഴ് ഹെക്ടർ സ്ഥലത്ത് മാത്രമായിരുന്നു മുൻപ് കൃഷിയുണ്ടായിരുന്നത്. എന്നാൽ കൃഷിയിൽ താൽപര്യമുള്ള കുറച്ച് പേർ സംഘടിച്ച് അഞ്ച് ഹെക്ടർ തരിശ് സ്ഥലം ഉൾപ്പടെ എട്ട് ഹെക്ടർ സ്ഥലത്തുകൂടി കൃഷിയിറക്കി. മുൻകാലത്ത് പഴഞ്ചിറ പാടശേഖര സമിതി പ്രവർത്തിച്ചിരുന്നു. എന്നാൽ ഏറെ നാളുകളായി പാടശേഖരസമിതി പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇൗ സമിതിയുടെ കീഴിൽ ഒരു കെട്ടിടവും കൃഷിക്ക് ആവശ്യമായ ട്രക്കറും ട്രില്ലറും ഉൾപ്പടെ നിരവധി ഉപകരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വളരെ കാലങ്ങൾ കൊണ്ട് ഇവ ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ ചെയ്യാതെയും നശിച്ചു.
ഇപ്പോൾ കൃഷി ചെയ്യുന്നവർക്ക് വിത്തും വളവും കൊയ്യതെടുത്ത നെല്ലും സംഭരിക്കുന്നതിനായി സമിതിയുടെ കിഴിലുള്ള കെട്ടിടം വിട്ടു കൊടുത്താൽ ഉപയോഗപ്രദമാകുമായിരുന്നു. ജോലിക്കാരെ കിട്ടാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.