എം.എൽ.എ ഉൾപ്പെടെ 10 പേർ ആശുപത്രിയിൽ
തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക്ദാന വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണവും വാളയാർ കേസിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവർ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലപൊട്ടി ചോര വാർന്നിട്ടും ഷാഫിയെ ആശുപത്രിയിലെത്തിക്കാതെ കസ്റ്റഡിയിലെടുത്ത് പൊലീസ് എ.ആർ ക്യാമ്പിലേക്കു കൊണ്ടുപോയത് സ്ഥിതിഗതി വഷളാക്കി. നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ എം.എൽ.എമാർ ക്യാമ്പിലെത്തി പ്രതിഷേധിച്ചു. തുടർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ചിനിടെ പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞപ്പോൾ രണ്ടു തവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാളയത്തു നിന്ന് ആരംഭിച്ച മാർച്ച് നിയമസഭയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു. കെ.എസ്. ശബരീനാഥൻ എം.എൽ.എ പ്രസംഗിക്കെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗിച്ചതോടെ സമരക്കാർ കൊടികെട്ടിയ കമ്പുകളും കല്ലുകളും പൊലീസിനു നേരെ വലിച്ചെറിഞ്ഞു.
പ്രവർത്തകർ പിന്തിരിയാതിരുന്നപ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ സമരക്കാർ കൂടുതൽ പ്രകോപിതരായി. പൊലീസിനെ തല്ലാൻ ശ്രമിച്ചവരെ പൊലീസ് വളഞ്ഞിട്ടു തല്ലി. പിന്നീട് എം.ജി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചരെ അറസ്റ്റു ചെയ്ത് വാഹനത്തിൽ കയറ്റി. ഈ വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞത് വീണ്ടും സംഘർഷത്തിനിടയാക്കി. ലാത്തിപ്രയോഗം തടയാൻ ശ്രമിച്ചപ്പോഴാണ് ഷാഫിക്കും അഭിജിത്തിനും മർദ്ദനമേറ്റത്. ഷാഫി പറമ്പിലിന് തലയ്ക്കും അഭിജിത്തിന് കൈക്കും സാരമായി മുറിവേറ്റു.
ലാത്തിച്ചാർജിൽ പരിക്കേറ്റ നേതാക്കളെ നീക്കിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഒടുവിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചതോടെയാണ് ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനു വിരാമമായത്
കെ.എസ്.യു വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് (28), നവീൻ നൗഷാദ് (28), യദുകൃഷ്ണൻ (25), അഡാഫ് (26), സെയ്തലി (28), നൗഫൽ (26), ജോമോൻ (29), ജിഹാദ് (30) എന്നിവരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവർ.