തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സർഗവായന സമ്പൂർണ വായന പദ്ധതിപ്രകാരമുള്ള ക്ലാസ് റൂം ലൈബ്രറികൾ ജനുവരി 1മുതൽ സജ്ജമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നുമുതൽ 12വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പദ്ധതിയുടെ ഭാഗമായി ലൈബ്രറി സജ്ജീകരിക്കും. പുതുവർഷത്തിൽ കുട്ടികളെ വായനയുടെ പുതുലോകത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വി.കെ. മധു പറഞ്ഞു. ജില്ലയിൽ 988 സ്‌കൂളുകളിലായി 10, 601 ക്ലാസ് മുറികളുണ്ട്. ഇവയിൽ 7000 ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചു. അടുത്തമാസം അവസാനത്തോടെ പൂർണമാകും. ഇതിനായി 10 ലക്ഷം പുസ്തകങ്ങളാണ് ശേഖരിക്കുന്നത്. സ്ക്കൂളുകൾ കേന്ദ്രീകരിച്ചുള്ള ശേഖരണത്തിന് പുറമേ പൊതുജന പങ്കാളിത്തത്തോടെ പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാതല കളക്ഷൻ സെന്റർ പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഇവിടെ അഞ്ച് ലക്ഷത്തോളം പുസ്തകങ്ങൾ ഇതുവരെ ലഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ കഴിഞ്ഞ ദിവസം 5000 പുസ്തകങ്ങൾ കൈമാറി.