തിരുവനന്തപുരം: സെറിബ്രൽ പാൾസിയുടെ പരിമിതികളൊന്നും സാവിയോയുടെ വിരലുകൾക്ക് വിലങ്ങായില്ല. അവൻ വരച്ചുകൊണ്ടേയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കാൻവാസിൽ പകർത്തിയ അന്നു മുതലുള്ള ആഗ്രഹമാണ്: ചിത്രം അദ്ദേഹത്തിന് നേരിട്ടു സമ്മാനിക്കണം. ഇന്നലെയാണ് അതു സാധിച്ചത്. നിയമസഭാ മന്ദിരത്തിലെ ഓഫീസിൽ അമ്മ ബ്ളെസിക്കൊപ്പമെത്തി ചിത്രം കൈമാറിക്കഴിഞ്ഞ് സാവിയോയുടെ മുഖത്തു പടർന്ന ചിരി നിറഞ്ഞ മനസ്സിന്റേത്.
കഴിഞ്ഞ മാസം 19 ന് പാലാ ലയൺസ് ക്ളബ് സംഘടിപ്പിച്ച ചടങ്ങിൽ വച്ച്, ആത്മകഥയായ 'സഫ്നത്ത് ഫാനെയാ' എന്ന പുസ്തകത്തിനു കിട്ടിയ റോയൽറ്റിയും ചെറുസമ്പാദ്യവും ചേർത്ത് 51,000 രൂപ ഒരു സാധുവ്യക്തിക്ക് വീടു വച്ചു നൽകാൻ മുഖ്യമന്ത്രിക്ക് സാവിയോ കൈമാറിയിരുന്നു. പക്ഷേ, തനിക്കായി ഒരു സമ്മാനം സാവിയോ
കരുതിയിരുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ല. ആ സമ്മാനമാണ് സാവിയോ ഇന്നലെ നേരിട്ടെത്തി നൽകിയത്.
ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് ജോസഫിന്റെയും ബ്ളെസിയുടെയും മകനായ സാവിയോ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കരകയറി വന്നതാണ്. സിസേറിയൻ വഴി പുറത്തെടുത്ത കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതർ വിധിയെഴുതി. പത്തു മിനിട്ടിനു ശേഷം അമ്മ തന്നെയാണ് കുഞ്ഞിന് അനക്കമുണ്ടെന്നു തിരിച്ചറിഞ്ഞത്. പക്ഷേ, സെറിബ്രൽ പാൾസിയെന്ന രോഗം കൂടിയുണ്ടായിരുന്നു, കുഞ്ഞു സാവിയോയ്ക്ക് ഒപ്പം.
78 ശതമാനം മാർക്കോടെയാണ് സാവിയോ പ്ളസ് ടു വിജയിച്ചത്. ക്ളാസിൽ തുടർച്ചയായി ഇരിക്കാനുള്ള ബുദ്ധി മുട്ടുകാരണം ഇപ്പോൾ ബി.എ ഇക്കണോമിക്സിന് പ്രൈവറ്റായി പഠിക്കുന്നു. ഗുജറാത്തിലെ ഒരു സ്ഥാപനത്തിൽ ജീവനക്കാരനാണ് പിതാവ് ജോസ്.സഹോദരി ഹണിമോൾ വിവാഹിതയാണ്.