തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ എം.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സൈബർ സെൽ, ഫോറൻസിക് ഡയറക്ടറുടെ സൈബർ യൂണിറ്റ് എന്നിവയുടെ സഹായത്തോടെ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷമാവും കേസ് രജിസ്റ്റർ ചെയ്യുക.
അന്വേഷണസംഘം ഇന്നലെ സർവകലാശാലയിലെത്തി രജിസ്ട്രാർ, അസി. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരുടെ മൊഴിയെടുത്തു. 2016 മുതൽ വിവാദ സോഫ്റ്റ്വെയറിൽ മോഡറേഷൻ മാർക്ക് രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ സംഘം പരിശോധിക്കും. ഒരാഴ്ചയ്ക്കകം പ്രാഥമികാന്വേഷണം പൂർത്തിയാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സർവകലാശാല സീൽ ചെയ്തിരുന്ന ഇ.എസ് സെക്ഷനിലെ വിവാദ സോഫ്റ്റ്വെയറിലെ മുഴുവൻ ഡേറ്റയും ക്രൈംബ്രാഞ്ചും സൈബർ സെല്ലും പരിശോധിച്ചു. 2016 മുതലുള്ള ബാക്ക് അപ് നൽകാൻ കമ്പ്യൂട്ടർ സെന്ററിനോട് നിർദ്ദേശിച്ചു.
സോഫ്റ്റ്വെയറിൽ ഗുരുതര തകരാർ
മോഡറേഷൻ മാർക്ക് രേഖപ്പെടുത്തുമ്പോൾ സോഫ്റ്റ്വെയറിൽ നേരത്തേയും തകരാറുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. വിജയിച്ച നാല് ബി.ടെക് വിദ്യാർത്ഥികൾ തോറ്റതായാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു എൽഎൽ.ബി വിദ്യാർത്ഥിക്കും ഇതേ സ്ഥിതിയുണ്ടായി. സോഫ്റ്റ്വെയറിൽ ഗുരുതര പിഴവുണ്ടായെന്നാണ് സർവകലാശാല നിയോഗിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സംഘവും കണ്ടെത്തിയത്.
ഇ.എസ് സെക്ഷനിലെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് മാത്രമാണ് മോഡറേഷൻ മാർക്ക് രേഖപ്പെടുത്താനുള്ള സോഫ്റ്റ്വെയറിന്റെ പാസ്വേർഡ് നൽകിയിരുന്നത്. ഈ ഉദ്യോഗസ്ഥയുടെ ലോഗിൻ ഐ.ഡിയും പാസ്വേർഡും നിരവധി പേർ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. മാർക്ക് വ്യത്യാസം വന്ന എല്ലാ കുട്ടികളുടെയും വിവരങ്ങൾ പ്രത്യേകമായി പരിശോധിക്കും. 2016 മുതൽ 19 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയെന്ന കൃത്യമായ കണക്ക് സർവകലാശാലയുടെ പക്കലില്ല. 16 പരീക്ഷകളിൽ 12ലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷാ കൺട്രോളറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് തിരിമറിക്കിടയാക്കിയതെന്ന് ആരോപണമുണ്ട്. 2018 ജൂലായ് 19ന് പരീക്ഷാ കൺട്രോളർ അയച്ച സർക്കുലറിൽ മോഡറേഷൻ മാർക്ക് കൂട്ടിച്ചേർക്കുന്നതിലടക്കം രഹസ്യ സ്വഭാവത്തിൽ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചിരുന്നു. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ പാസ്വേർഡുകൾ റദ്ദാക്കണമെന്ന നിർദ്ദേശവും അവഗണിച്ചു.