കണ്ണൂർ: പരിശീലനത്തിനിടെ നടുവിനേറ്റ പരിക്ക് വകവെക്കാതെ പോൾ കയ്യിലെടുത്ത അലൻ സീനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ ചാമ്പ്യനായി. 4.15മീറ്റർ താണ്ടിയായിരുന്നു സംസ്ഥാന സ്കൂൾ കായിക മേളയിലെ അലന്റെ ആദ്യ സുവർണ നേട്ടം. കോതമംഗലം മാബേസിലിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അലന് പരിശീലനത്തിനിടെയാണ് പരിക്ക് പറ്റിയത്. മികച്ച ബെഡ് ഇല്ലാതിരുന്നതാണ് പരിക്കിന് കാരണം. രണ്ട് മാസത്തോളം വിശ്രമത്തിലായിരുന്ന താരം കൃത്യമായ പരിശീലനം ഇല്ലാതെയാണ് സംസ്ഥാന മീറ്റിനെത്തിയതും സ്വർണമണിഞ്ഞതും.
എറണാകുളം പുത്തൻവേലിക്കൽ, തിരുത്തൂർ കല്ലറക്കൽ വീട്ടിൽ കെ.ജെ ബിജുവിന്റെയും ഷിജിയുടെയും മകനാണ്. അച്ഛന് കോൺട്രാക്ട് ജോലിയാണ്. 9ാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്ലി ബിജു ആണ് സഹോദരി.
നാല് വർഷമായി അലൻ മാർബേസിലിലാണ്. എട്ടാം ക്ലാസ് മുതൽ ഹർഡിൽസിൽ മത്സരിച്ചിരുന്ന താരം കഴിഞ്ഞ വർഷമാണ് പോൾവാട്ടിലേക്ക് തിരിയുന്നത്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ വെള്ളിയും നേടിയിരുന്നു. സി.ആർ മധുവിന്റെ കീഴിലാണ് പരിശീലനം. സ്വന്തമായി ഒരു പോൾ വാങ്ങണമെന്നും തുടർന്ന് മികച്ച പരിശീലനം നേടണമെന്നും ആഗ്രഹിക്കുന്ന താരത്തിന് നടുവിനേറ്റ പരിക്ക് വില്ലനാകുമോയെന്ന ആശങ്കയുമുണ്ട്.