തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുകൊല്ലത്തിലൊരിക്കൽ നടക്കുന്ന മുറജപം നാളെ ആരംഭിക്കും. 8 ദിവസം വീതം ഏഴുമുറകളിലായി 56 ദിവസത്തെ ജപമാണ് നടത്തുന്നത്. ഏഴാം മുറ അവസാനിക്കുന്ന 2020 ജനുവരി 15 നാണ് ലക്ഷദീപം. മകരസംക്രാന്തി ദിനമായ 15ന് മകരശീവേലിയും ഉണ്ടായിരിക്കും. ക്ഷേത്രചരിത്രത്തിൽ ആദ്യമായി ഇക്കുറി 55 ദിവസം നീളുന്ന കലാപരിപാടികൾ അരങ്ങേറും. ഭാരതീയ കലാസാംസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായ കലാരൂപങ്ങൾ ഭക്തർക്ക് ആസ്വദിക്കാവുന്ന വിധം ക്ഷേത്രത്തിന് പുറത്താണ് അവതരിപ്പിക്കുന്നത്. നാളെ വൈകിട്ട് 5 മുതൽ 6 വരെ ക്ഷേത്രത്തിലും പരിസരത്തും ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും.
യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വാദ്ധ്യാന്മാരും തന്ത്രിയും മുറജപത്തിൽ പങ്കെടുക്കും. വേദപണ്ഡിതന്മാർ ക്ഷേത്രത്തിനുള്ളിൽ പല സംഘങ്ങളായിരുന്ന ഋക്, യജുർ, സാമ വേദങ്ങൾ ഉരുക്കഴിക്കും. സൂക്തജപം, വിഷ്ണുസഹസ്രനാമം, ജലജപം എന്നിവയും ഉണ്ടായിരിക്കും. വർഷങ്ങൾക്ക് ശേഷമാണ് ഇക്കുറി ജലജപം നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് പത്മതീർഥത്തിൽ നടക്കുന്ന ജലജപത്തിൽ മുറജപത്തിലെ വൈദികരെല്ലാം പങ്കെടുക്കും. തിരുപ്പതി വേദസർവകലാശാല, കുംഭകോണം, ഉടുപ്പി, മഹാരാഷ്ട്ര, തൃശൂർ വേദപഠനശാല എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർക്ക് പുറമെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാദ്ധ്യാന്മാർ, കൈമുക്ക്, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ അറിയിച്ചു. വിഷ്ണുസഹസ്രനാമജപത്തിൽ സാധാരണ ഭക്തർക്കും പങ്കെടുക്കാം.
എട്ടുദിവസം കൂടുന്നതാണ് ഒരു മുറ. എട്ടാം ദിവസം മുറശീവേലിയുണ്ടാകും. ഓരോ മുറയ്ക്കും നിശ്ചിതവാഹനങ്ങളിലാണ് എഴുന്നള്ളത്ത്. നാളെ തുടങ്ങുന്ന മുറജപത്തിലെ ആദ്യമുറ 28ന് അവസാനിക്കും. 29ന് തുടങ്ങുന്ന രണ്ടാംമുറ ഡിസംബർ 6നും, 7ന് തുടങ്ങുന്ന മൂന്നാംമുറ 14നും, 15ന് തുടങ്ങുന്ന നാലാംമുറ 22നും, 23ന് തുടങ്ങുന്ന അഞ്ചാംമുറ 30നും, 31ന് ആരംഭിക്കുന്ന ആറാംമുറ 2020 ജനുവരി 7നും, 8ന് തുടങ്ങുന്ന ഏഴാംമുറ 15നും സമാപിക്കും. ലക്ഷദീപം, മകരശീവേലി എന്നിവ 15നാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് തവണ, ധനുവിലും കർക്കടകത്തിലും ഉത്തരായണ ദക്ഷിണായന സംക്രമദിനങ്ങളിൽ ഭദ്രദീപം ആചരിക്കും. 12-ാമത്തെ ഭദ്രദീപമാണ് ലക്ഷദീപം. മാർത്താണ്ഡവർമ മഹാരാജാവ് 1744 ലാണ് ആദ്യത്തെ ഭദ്രദീപം നടത്തിയത്. മുറജപക്കാലത്ത് ഭക്തർക്കുള്ള ദർശനസമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.