sadasivan

തിരുവനന്തപുരം: ലോക പൊലീസ് മീറ്റിൽ ലോംഗ്ജംപിൽ സ്വർണം നേടിയ പൊലീസിന്റെ അഭിമാന താരം പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമൻഡാന്റ് അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി. ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ടുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1993ൽ അമേരിക്കയിൽ നടന്ന ലോക പൊലീസ് മീറ്റിൽ ലോംഗ് ജംപിൽ സ്വർണ മെഡൽ നേടിയ അദ്ദേഹം നിരവധി ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. അമച്വർ അത്‌ലറ്റിക് മീറ്റിൽ റെക്കാഡിന് ഉടമയാണ്. ഇന്ത്യൻ പൊലീസ് മീറ്റിൽ പല തവണ റെക്കാഡോടെ മെഡൽ നേടിയിട്ടുണ്ട്. എസ്.എ.പിയിലും അടൂരിലെ കെ.എ.പി മൂന്നാം ബറ്റാലിയനിലും മാവേലിക്കരയിലെ ഭാര്യാവസതിയിലും പൊതുദർശനത്തിനു ശേഷം മൃതദേഹം സ്വദേശമായ അടിമാലിയിലേക്കു കൊണ്ടുപോയി. ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: കവിത. മക്കൾ ശിവാനി സദാശിവൻ (കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി), സായി സദാശിവൻ (ഓച്ചിറ സെന്റ് ഗ്രിഗോറിയസ് കോൺവെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി).