തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് കിഴക്കേനടയിൽ നടക്കുന്ന 'ശ്രീപദ്മനാഭം' കലാപരിപാടിയിൽ
സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ രാജ്യത്തെ 2000 ത്തോളം പ്രമുഖ കലാകാരന്മാർ അണിനിരക്കും. 21 മുതൽ ജനുവരി 14 വരെ രാത്രി 7.15 മുതൽ 8.15 വരെയാണ് കലാപരിപാടികൾ. 21ന് വൈകിട്ട് സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത 140 പേർ പങ്കെടുക്കുന്ന മോഹിനിയാട്ടത്തോടെ മേള തുടങ്ങും. 22 മുതൽ 26 വരെ കഥകളിമേള. 27 മുതൽ 30 വരെ അനുഷ്ഠാനകലകൾ. ഡിസംബർ 1 മുതൽ 12 വരെ തിരുവനന്തപുരത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതനൃത്തമേള. 13 മുതൽ ജനുവരി 13വരെ 31 ദിവസം നീളുന്ന ദേശീയനൃത്തസംഗീതോത്സവത്തിൽ നർത്തകരായ ലക്ഷ്മി ഗോപാലസ്വാമി, ആശാ ശരത്, പദ്മപ്രിയ, മഞ്ജു ഭാർഗവി, മേതിൽ ദേവിക, നീനാ പ്രസാദ്, ഗായകരായ എം.ജയചന്ദ്രൻ, രമേശ് നാരായണൻ, മഞ്ജരി തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 14ന് സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത 1000 കലാകാരന്മാർ പങ്കെടുക്കുന്ന രാധേശ്യാം എന്ന മെഗാ പരിപാടിയും ഉണ്ടായിരിക്കും.