തിരുവനന്തപുരം: ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകാൻ 35മിനിറ്റ് റോഡ് അടച്ചിട്ട് പൊതുജനത്തെ ബുദ്ധിമുട്ടിച്ച രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി ബെഹ്റയുടെ നിൽപ്പുശിക്ഷ. ഡി.ജി.പിയുടെ ഭാര്യയും ട്രാഫിക് കുരുക്കിൽ അകപ്പെട്ടിരുന്നു. സിറ്റി ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡി.ജി.പി, രാത്രി വൈകുംവരെ അവരെ ഓഫിസിനു മുന്നിൽ നിറുത്തി. ഡി.ജി.പി ഓഫിസിൽ നിന്നു പോയതിന് ശേഷവും ഇവർക്കു തിരികെ പോകാൻ അനുമതി ലഭിച്ചില്ല. ഒടുവിൽ അസോസിയേഷൻ നേതാക്കൾ ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥരെ വിട്ടത്. കഴക്കൂട്ടം– കാരോട് ബൈപ്പാസ് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായ ചാക്ക ഭാഗത്താണ് 35 മിനിറ്റ് റോഡ് അടച്ചിട്ടത്. പ്രമുഖ ഐ.ടി കമ്പനിയിൽ എച്ച്. ആർ വിഭാഗം മേധാവിയായ ഡി.ജി.പിയുടെ ഭാര്യ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഗവർണർക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നു പോകാനായി പാളയം മുതൽ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. ദീർഘനേരം റോഡ് അടച്ചിട്ടതിനെത്തുടർന്ന് നിരവധി പരാതികൾ ഡി.ജി.പിയുടെ ഓഫീസിൽ ലഭിച്ചെന്നും . ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയതെന്നുമാണ് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം.. ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മിഷണർ എം.ആർ അജിത്കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉദ്യോഗസ്ഥരോട് ഡി.ജി.പി വിവരങ്ങൾ ആരാഞ്ഞത്. നാല് പേരെയും ശാസിച്ച ഡിജിപി ദീർഘനേരം റോഡ് അടച്ചിടുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. ഗതാഗതം നിയന്ത്റിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതെന്നും അവരെ ശിക്ഷിച്ചിട്ടില്ലെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.