p-mohanan
vt balram, facebook post, p mohanan, cpm, maoist, kozhikode,

തിരുവനന്തപുരം:മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആക്ഷേപം പാർട്ടിയെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കുന്ന പുതിയ രാഷ്‌ട്രീയ വിവാദമായി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പി.മോഹനന്റെ പരാമർശത്തെ വിമർശിച്ചതോടെ ഇടതുമുന്നണിയിൽ മറ്റൊരു ഉലച്ചിലിന് കളമൊരുങ്ങി. മുസ്ലിംലീഗും മുസ്ലീം സംഘടനകളും സി. പി. എമ്മിനെ രൂക്ഷമായി വിമർശിച്ചു. തീവ്രവാദത്തെ മതവുമായി കൂട്ടിക്കെട്ടരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കടുപ്പിച്ചു. മോഹനന്റെ പ്രസ്താവനയെ ബി.ജെ.പി നേതൃത്വം പിന്തുണച്ചതോടെ ഇത് യു.ഡി.എഫിന് രാഷ്‌ട്രീയ ആയുധവുമായി. മോഹനന്റെ പ്രസ്താവനയോട് സി.പി.എം പ്രതികരിച്ചിട്ടില്ല.

തിങ്കളാഴ്ച രാത്രി താമരശേരിയിൽ ഒരു സമ്മേളനത്തിലാണ് പി മോഹനൻ വിവാദ പ്രസംഗം നടത്തിയത്.

ഉത്തരേന്ത്യയിലും മറ്റും മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്ന പ്രതീതിയും അയോദ്ധ്യ വിധിയിൽ മുസ്ലീങ്ങളിൽ അതൃപ്തിയും തുടരുമ്പോൾ, സംഘപരിവാറിന്റെ സ്വരത്തെ സി.പി.എം ഏറ്റുപിടിക്കുന്നുവെന്നാണ് ആക്ഷേപം. ഭീമ കൊറേഗാവ് സംഭവത്തിന് ശേഷം ദളിത്, മനുഷ്യാവകാശ പ്രവർത്തകരെ അർബൻ നക്സലുകളെന്ന് മുദ്രകുത്തി ജയിലിലടച്ച സംഘപരിവാർ ശൈലിക്ക് സമാനമാണ് സി.പി.എമ്മിലെ ചിലരുടെ പ്രതികരണങ്ങളെന്നാണ് വിമർശനം. അർബൻ നക്സലുകൾ എന്ന പ്രയോഗം പോലെ, ഉത്തരേന്ത്യയിലെ മുസ്ലിംവേട്ടയ്ക്ക് സംഘപരിവാർ ആയുധമാക്കുന്ന പദപ്രയോഗമാണ് ഇസ്ലാമിക തീവ്രവാദം എന്ന് മുസ്ലീം കക്ഷികൾ ആരോപിക്കുന്നു.

പി. മോഹനന്റെ പ്രസംഗം

മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട്ടെ മുസ്ളിം തീവ്രസംഘടനകളാണ്. ഇസ്ളാമിക് തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ കൊണ്ട് നടക്കുന്നതും. അവർ തമ്മിൽ ചങ്ങാത്തമുണ്ട്. വെറും ചങ്ങാത്തമല്ല. മാവോയിസ്റ്റുകളെക്കുറിച്ച് പറയുമ്പോൾ എൻ.ഡി.എഫിനും മറ്റ് ഇസ്ളാമിക മത മൗലികവാദികൾക്കുമെല്ലാം എന്ത് ആവേശമാണ്. ഇതെല്ലാം പൊലീസ് പരിശോധിക്കണം

മോഹനനെതിരെ മുസ്ലീം സംഘടനകൾ

മാവോയിസ്റ്റുകൾക്ക് അഭയ കേന്ദ്രമായത് സി.പി.എം ആണെന്നും അത് മറയ്‌ക്കാനാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെന്നും മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്ന കോഴിക്കോട്ടെ ഇസ്ളാമിക ഗ്രൂപ്പുകൾ ഏതെല്ലാമാണെന്ന് ജില്ലാ സെക്രട്ടറി പറയണം.

മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്നതിൽ കേരളത്തിലെ സി.പി.എം സംഘപരിവാറിന്റെ തനിപ്പകർപ്പാണെന്ന് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. മാവോയി‌സ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ എൻ. ഡി. എഫിനെ ചർച്ചയിലേക്ക് വലിച്ചിഴക്കാനാണ് പി മോഹനന്റെ പ്രസ്താവന. ഭരണകൂട ഭീകരതയും ഭരണപരാജയവും മറച്ചുവയ്‌ക്കാൻ മുസ്ലീം തീവ്രവാദമെന്ന് പഴിപറയുന്നത് പാഴ്‌വേലയാണ്.

പി. മോഹനന്റെ പ്രസ്താവനയിലൂടെ സി.പി.എം സംഘപരിവാർ വാദങ്ങളുടെ മെഗാഫോണാവുകയാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പാർട്ടി പ്രവർത്തകർക്കെതിരെ പോലും യു.എ.പി.എ പ്രയോഗിക്കുന്ന പൊലീസ് നടപടികളെ നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള ജാള്യത മറയ്‌ക്കാനാണ് ഇസ്ലാം വിരുദ്ധ പ്രസ്താവനയിലൂടെ ശ്രമിക്കുന്നത്.

കാനം രാജേന്ദ്രൻ

കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വാക്കുകൾക്ക് വ്യാഖ്യാനം തരാൻ താൻ അശക്തനാണ്. അതേക്കുറിച്ച് അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. ഇസ്ളാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകൾക്ക് സഹായം നൽകുന്നതെന്നതിനെക്കുറിച്ച് തനിക്ക് വിവരമൊന്നും ഇല്ല. വ്യത്യസ്ത ആശയഗതി പുലർത്തുന്ന അവർ തമ്മിൽ ബന്ധമുണ്ടെന്ന വ്യാഖ്യാനത്തോടും യോജിക്കാനാവില്ല.