കല്ലമ്പലം : വിദ്യാലയം പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി മടന്തപ്പച്ച എം.എൽ.പി സ്കൂളിലെ കുട്ടികൾ പ്രശസ്ത ജിയോളജിസ്റ്റും കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ പ്രൊഫസറുമായ ഡോ. ഷാജി കുപ്പാംകൂട്ടത്തെ സന്ദർശിച്ചു. സ്കൂൾ ജൈവ ഉദ്യാനത്തിലെ പൂക്കൾകൊണ്ട് നിർമ്മിച്ച ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും കുട്ടികൾ അദ്ദേഹത്തിന് സ്നേഹാദരം നൽകി. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിനായി എല്ലാവരും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമഗ്ര ധാരണ നൽകിക്കൊണ്ട് കുട്ടികളോട് അദ്ദേഹം സംവദിച്ചു. പുസ്തക സമാഹരണ യജ്ഞത്തിന് പുസ്തങ്ങൾ നൽകിക്കൊണ്ട് ഹാരിസ് കൂപ്പാംകൂട്ടം കുട്ടികളെ ആശംസ അറിയിച്ചു. ഹെഡ്മിസ്ട്രസ് ഷിബിലാ ബീഗം പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഷാജഹാൻ, ബി.ആർ.സി പ്രതിനിധി ഷീബ, അദ്ധ്യാപകരായ ദീപ, അശ്വതി, അരുൺ, അബ്ദുൽ കലാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.