sheshaji

മുടപുരം: ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോരാണി കുറക്കട മരങ്ങാട്ടുകോണം കോട്ടറത്തല വീട്ടിൽ ശേഷ ഷാജിക്കാണ് (41) പരിക്കേറ്റത്. കുറക്കട തെറ്റിച്ചിറ സ്വദേശി വട്ടവിള എന്ന വിപിൻ, കോരാണി പുകയിലത്തോപ്പ് സ്വദേശി കരുമാടി എന്ന സജീവ് എന്നിവരാണ് ആക്രമണത്തിനു പിന്നിൽ. ഷാജിയുടെ ഇടുതു കൈപ്പത്തിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശേഷ ഷാജിയുടെ സുഹൃത്തും കുറുക്കട സ്വദേശിയുമായ സമ്പത്ത് കണ്ണൂരിൽ നിന്ന് ജോലി കഴിഞ്ഞ് ചിറയിൻകീഴ് റെയിൽവേസ്‌റ്റേഷനിൽ ഇറങ്ങി കുറക്കടയിലേക്ക് നടന്ന് പോകുകയായിരുന്നു. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം എത്തിയപ്പോൾ ഒരു ആട്ടോറിക്ഷ വരികയും കോരാണി ഭാഗത്തേക്കാണ് പോകുന്നതെന്നും പറഞ്ഞ് ഇവരോട് കയറാനും ആവശ്യപ്പെട്ടു. ആട്ടോറിക്ഷ കുറക്കടയ്ക്ക സമീപം എത്തിയപ്പോൾ ഇവർ പണം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട തുക കൈയിൽ ഇല്ലാത്തതിനാൽ മൊബൈലും പഴ്‌സും തട്ടിയെടുക്കുകയും വിരട്ടി പറഞ്ഞയയ്ക്കുകയുമായിരുന്നു. ആട്ടോയിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ സമ്പത്ത് രാത്രി തന്നെ ഇവരെ ബന്ധപ്പെട്ട് മൊബൈൽ ഫോണും പേഴ്‌സും തരാൻ ആവശ്യപ്പെട്ടു. രാത്രി 11 ന് കുറക്കടയിലേക്ക് വന്നാൽ ഇവ തരാമെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് സമ്പത്ത്, ശേഷ ഷാജിയേയും കൂട്ടി കുറക്കടയിലെത്തി. മൊബൈൽ തരണമെങ്കിൽ അയ്യായിരം രൂപ തരണമെന്ന് സംഘം ആവശ്യപ്പെട്ടു. തുക നൽകാൻ സാധിക്കില്ലെന്നും സംഭവം പൊലീസിൽ അറിയിക്കുമെന്നും പറഞ്ഞതോടെ കൈയിൽ കരുതിയ വാളുപയോഗിച്ച് ശേഷ ഷാജിയെ വെട്ടുകയായിരുന്നു. സംഭവശേഷം ഇവർ ഒാടി രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് ഷാജിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.