2-2
ടെൽ അവീവ് : കഴിഞ്ഞ രാത്രി ഇസ്രയേലിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ അർജന്റീന അയൽക്കാരായ ഉറുഗ്വേയോട് 2-2ന് സമനിലയിൽ പിരിഞ്ഞു. അവസാന നിമിഷത്തിൽ പെനാൽറ്റിയിലൂടെ മെസി നേടിയ ഗോളാണ് അർജന്റീനയ്ക്ക് സമനില സമ്മാനിച്ചത്.
34-ാം മിനിട്ടിൽ എഡിൻസൺ കവാനിയിലൂടെ ഉറുഗ്വേയാണ് ആദ്യ ഗോൾ നേടിയത്. 63-ാം മിനിട്ടിൽ അഗ്യൂറോ കളി സമനിലയിലാക്കിയെങ്കിലും അഞ്ചു മിനിട്ടിനകം ലൂയിസ് സുവാരേസ് കളി വീണ്ടും സമനിലയിലാക്കി. ഇൻജുറി ടൈമിലായിരുന്നു മെസിയുടെ പെനാൽറ്റിഗോൾ.
ഇന്നലെ നടന്ന മറ്റൊരു സൗഹൃദമത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കൊറിയയെ കീഴടക്കി. ഒൻപതാം മിനിട്ടിൽ ലൂയിസ് പക്വേറ്റയും 36-ാം മിനിട്ടിൽ ഫിലിപ്പ് കുടീഞ്ഞോയുമാണ് സ്കോർ ചെയ്തത്.
ഷഹാദത്തിന് അഞ്ച് കൊല്ലം വിലക്ക്
ധാക്ക : ദേശീയ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ സഹതാരത്തെ ചവിട്ടുകയും അടിക്കുകയും ചെയ്തപേസ് ബൗളർ ഷഹാദത്ത് ഹുസൈനെ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് അഞ്ചു വർഷത്തേക്ക് വിലക്കി. ബംഗ്ളാദേശിനു വേണ്ടി 38 ടെസ്റ്റുകളും 51 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഷഹാദത്തിനെ വീട്ടുവേലക്കാരിയായ ബാലികയെ ഉപദ്രവിച്ചതിന് 2015ൽ രണ്ട് വർഷത്തോളം വിലക്കിയിരുന്നു.
ഡേവിസ് കപ്പ് കസാഖിസ്ഥാനിൽ
ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഈ മാസം ഒടുവിൽ നടക്കുന്ന ഡേവിസ് കണ്ട് ടെന്നിസ് മത്സരത്തിന് കസാഖിസ്ഥാനിലെ നൂർ ഉൽ സുൽത്താൻ വേദിയാകുമെന്ന് ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷൻ അറിയിച്ചു. പാകിസ്ഥാനിൽ സുരക്ഷാപ്രശ്നങ്ങൾ കാരണം ഇന്ത്യ കളിക്കാൻ വിസമ്മതിച്ചതിനാലാണ് വേദിമാറ്റിയത്.
ഇന്ത്യൻ ടീം കൊൽക്കത്തയിൽ
കൊൽക്കത്ത: വെള്ളിയാഴ്ച തുടങ്ങുന്ന ബംഗ്ളാദേശിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ആദ്യ ടെസ്റ്റ് വേദിയായ ഇൻഡോറിൽ നിന്ന് കൊൽക്കത്തയിലെത്തി. ചരിത്രത്തിലാദ്യമായി ഇന്ത്യ കളിക്കുന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണ് ഈഡൻ ഗാർഡൻസിൽ അരങ്ങേറുന്നത്.