kerala-uni

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനുള്ള സോഫ്‌റ്റ്‌വെയർ സമൂലമായി പരിഷ്‌കരിക്കാനുള്ള പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടും കേരള സർവകലാശാല നടപ്പാക്കിയില്ല.കാലാനുസൃതമായ സാങ്കേതിക മികവോടെ 'സ്റ്റുഡന്റ് ലൈഫ് സൈക്കിൾ' എന്ന പദ്ധതി നടപ്പാക്കാനായിരുന്നു കമ്പ്യൂട്ടർ സെന്റർ ശുപാർശ ചെയ്തത്. മുൻ പരീക്ഷാ കൺട്രോളറുടെ നിർദ്ദേശപ്രകാരമാണ് ഡെപ്യൂട്ടി രജിസ്ട്രാർക്ക് വിദ്യാർത്ഥികളുടെ ഡാറ്റാ ബേസിൽ കയറാനുള്ള പാസ്‌വേഡ് കൈമാറിയതെന്ന് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്ര സർവകലാശാലയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് മുൻപോ ശേഷമോ തിരുത്തലുകൾ വരുത്താനുള്ള സംവിധാനത്തിന്റെ പാസ്‌വേഡാണ് നൽകിയത്. ഇത് മറ്റുള്ള ജീവനക്കാർക്ക് പങ്കുവച്ചതാണ് ഇപ്പോൾ വിനയായത്.

സോഫ്‌റ്റ്‌വെയറിന് ഗുരുതരമായ പിശകില്ലെന്നാണ് ഡയറക്ടറുടെ വിശദീകരണത്തിലുള്ളത്. ഗ്രീൻഷീറ്റ് തയ്യാറാക്കും മുൻപ് ഡിജിറ്റലായി മാർക്കുകൾ പരിശോധിച്ച് ഉറപ്പിക്കാനും തിരുത്തലുകൾ വരുത്തിയതിന്റെ വിശദാംശങ്ങൾ അറിയാനും സോഫ്‌റ്റ്‌വെയറിൽ സംവിധാനമുണ്ട്..

അതേസമയം, സ്ഥലംമാറിയപ്പോൾ യൂസർ ഐ.ഡിയും പാസ്‌വേർഡും റദ്ദാക്കണമെന്ന് മാർക്ക് വിവാദത്തിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ. രേണുക കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നതായി വിവരമുണ്ട്. ഇ.എസ് വിഭാഗത്തിൽ നിന്ന് പ്ലാനിംഗിലേക്കും പിന്നീട് അഡ്‌മിനിസ്ട്രേഷനിലേക്കും രേണുകയെ മാറ്റിയിരുന്നു. പരീക്ഷയുടെ ചുമതലയിലിരിക്കെ 17 സെക്ഷനുകളുടെ മേൽനോട്ടമുണ്ടായിരുന്നു. നൂറിലേറെ പരീക്ഷകളാണ് നടത്തേണ്ടിയിരുന്നത്. യൂസർ ഐ.ഡിയും പാസ്‌വേഡും രഹസ്യമായി സൂക്ഷിച്ചാൽ ഒരു പരീക്ഷയുടെ പോലും ഫലം സമയത്ത് പ്രസിദ്ധീകരിക്കാനാവില്ല. മൂല്യനിർണയ ക്യാമ്പുകളുടെയും ചുമതലയുണ്ടായിരുന്നതിനാലാണ് സെക്ഷനിലെ സഹപ്രവർത്തകരുമായി രേണുക യൂസർ ഐ.ഡിയും പാസ്‌വേഡും പങ്കുവച്ചത്.