തിരുവനന്തപുരം: അനന്തപുരിയുടെ ഹൃദയഭാഗത്ത് തന്നെ ജില്ലാകലോത്സവം വിരുന്നെത്തിയിട്ടും ആദ്യദിനം മത്സരാർത്ഥികളെ കാത്തിരുന്നത് ഒഴിഞ്ഞസദസ്. ഇന്ന് ജനപ്രിയ ഇനങ്ങളുമായി മത്സരാർത്ഥികൾ അരങ്ങുതകർക്കാനെത്തുമ്പോൾ ജനപങ്കാളിത്തവും കൂടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അതേസമയം, കലോത്സവമെത്തിയതോടെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും തലപൊക്കിയിട്ടുണ്ട്.
തിരക്കേറിയ റോഡ് മുറിച്ചുകടന്ന് വേണം മത്സരാർത്ഥികൾക്കും കൂടെയുള്ളവർക്കും ചാല ഗേൾസ് സ്‌കൂളിലെ ഭക്ഷണഹാളിലെത്താൻ. ശ്രദ്ധയൊന്ന് പാളിയാൽ അപകടം ഉറപ്പ്. മതിയായ പൊലീസുകാരെ ഗതാഗതക്രമീകരണത്തിന് നിയോഗിക്കാത്തതാണ് പ്രധാന പ്രശ്നം. എന്നാൽ, ആവശ്യത്തിനുള്ള പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് സംഘാടകരുടെ നിലപാട്.