തിരുവനന്തപുരം: കലോത്സവത്തിന്റെ ആദ്യദിനത്തിൽ തന്നെ കല്ലുകടിയായി വേദിയിലെ അപാകത. ഇംഗ്ലീഷ് സ്‌കിറ്റ് നടക്കേണ്ട അട്ടക്കുളങ്ങര സെൻട്രൽ എച്ച്.എസിലെ 11-ാം നമ്പർ താത്കാലിക വേദിയാണ് ആശങ്കയുണ്ടാക്കിയത്. മത്സരം തുടങ്ങുന്നതിനുമുമ്പ് കുട്ടികൾ വേദി പരിശോധിക്കുന്നതിനിടെ തട്ടിലെ ഇളകിക്കിടന്ന പലകയിൽ തട്ടുകയായിരുന്നു. കാലിൽ നേരിയ മുറിവേൽക്കുകയും ചെയ്തു. ഇതോടെ മത്സരാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് അവിടെ തന്നെയുള്ള ഒമ്പതാം നമ്പർ വേദിയിലേക്ക് സ്‌കിറ്റ് മാറ്റി. ഒമ്പതാം വേദിയിൽ നടക്കേണ്ട കഥകളി സംഗീതം പതിനൊന്നിലേക്ക് മാറ്റുകയായിരുന്നു.