മലയിൻകീഴ്: ബൈക്കിലെത്തിയ യുവാവ് വൃദ്ധയുടെ മാല പൊട്ടിച്ചെടുത്തശേഷം കടന്നുകളഞ്ഞു. മഞ്ചാടി അഭയ ഗ്രാമത്തിന് എതിർവശത്തുള്ള തുണ്ടുവിള വീട്ടിൽ കമലാക്ഷിഅമ്മയുടെ (86) മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വീടിന്റെ ഗേറ്റിന് അകത്ത് നിന്ന കമലാക്ഷിഅമ്മയുടെ അടുത്ത്

വന്ന് എന്നെ മനസിലായില്ലേ? എന്ന് ചോദിച്ചു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. അപ്പോഴും നീ ഹെൽമെറ്റ് ഊര് എങ്കിലല്ലേ ആളെ മനസിലാവൂ എന്ന് പറയുന്ന സമയത്ത് കമലാക്ഷി അമ്മയുടെ ചെറുമകൾ ആര്യ വീട്ടിൽ നിന്ന് പുറത്തേക്ക് വന്നു. ആരെയാണ് അന്വേഷിക്കുന്നതെന്ന് ആര്യ യുവാവിനോട് ചോദിക്കുന്നതിനിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ കമലാക്ഷിഅമ്മയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു. മാലയും ലോക്കറ്റുമായി 10 ഗ്രാം തൂക്കമുണ്ടെന്നാണ് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. വിവരമറിഞ്ഞ് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സമീപത്തെ സി.സി.ടി.കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കഴിഞ്ഞ വൃശ്ചികത്തിൽ തച്ചോട്ടുകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കമലാക്ഷി അമ്മയുടെ ഒന്നരപ്പവന്റെ മാല തിരക്കിനിടെ ആരോ കവർന്നിരുന്നു.