pinarayi
photo

തിരുവനന്തപുരം: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർഷിക സംസ്‌കൃതിയാണ് നാടിനാവശ്യം. കാർഷിക വികസനത്തിനുള്ള നടപടികൾ പ്രാവർത്തികമാക്കാൻ നല്ലരീതിയിലുള്ള ബോധവത്കരണം ആവശ്യമാണ്. അതിന്റെ ചുമതല ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കാണ്. ആഗോളതലത്തിലും ദേശീയതലത്തിലും കാർഷികരംഗത്തുമുണ്ടാകുന്ന മാറ്റങ്ങളും നൂതനപ്രവണതകളും കൃഷിക്കാരിൽ എത്തിക്കുകയെന്ന വെല്ലുവിളി കൃത്യമായി നിർവഹിക്കാൻ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ആദ്യ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആർ. ഹേലിയെ മുഖ്യമന്ത്രി ആദരിച്ചു.
സുവർണ ജൂബിലിയുടെ ഭാഗമായി ഫാം ഇൻഫർമേഷൻ ബ്യൂറോ കുട്ടനാട് കേന്ദ്രീകരിച്ച് കമ്യൂണിറ്റി റേഡിയോ ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കാർഷിക ചലച്ചിത്രമേള തൃശൂരിൽ നടത്തും.
'എഫ്.ഐ.ബി കാർഷികവിജ്ഞാന വ്യാപനത്തിന്റെ സുവർണ ഏടുകൾ' എന്ന പുസ്തകം മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വിഡിയോഗ്രഫി അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു.