തിരുവനന്തപുരം: വാണിജ്യ പൈതൃകത്തിന്റെ പ്രൗഢി പേറുന്ന ചാലയുടെ മണ്ണിൽ കലയുടെ കേളികൊട്ട്. കൗമാരം ചിലങ്ക കെട്ടിയുണർത്തിയ വേദികൾ നഗരത്തിന് സമ്മാനിക്കുക കലയുടെ മൂന്ന് രാപ്പകലുകൾ. കൗമാര പ്രതിഭകളുടെ കലാപ്രകടനങ്ങളുടേയും മത്സരവീര്യത്തിന്റെയും മാറ്റുരയ്ക്കലിന്റെ ചൂടും ചൂരും പകരുന്ന ദിനങ്ങൾ. മൂന്നു വർഷത്തിനു ശേഷം തലസ്ഥാന നഗരത്തിന്റെ തിരക്കിലേക്ക് മടങ്ങിയെത്തിയ റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്നലെ ചാല ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിൽ അരങ്ങുണർന്നു.
പെയ്യാതെ അകന്നുപോയ മഴക്കാറിന്റെ ചാരുതയിൽ തനത് കലാവിഷ്‌കാരങ്ങൾ കോർത്തിണക്കിയ ദൃശ്യ വിസ്മയത്തോടെയാണ് ഇന്നലെ വൈകിട്ട് കലാമേളയ്ക്ക് തിരിതെളിഞ്ഞത്. പതിവായുള്ള സാംസ്‌കാരിക ഘോഷയാത്രയ്ക്ക് പകരമായാണ് പ്രധാന വേദിയായ ചാല ബോയ്സ് സ്കൂളിൽ ഉദ്ഘാടന സമ്മേളനത്തിനു മുമ്പ് ദൃശ്യവിസ്മയം അരങ്ങേറിയത്. അമ്പതുപേർ അണിനിരന്ന മെഗാ തിരുവാതിരയും കലോത്സവത്തിന്റെ സന്ദേശമുൾപ്പെടുത്തിയ നൃത്താവിഷ്‌കാരവും ദൃശ്യവിസ്മയത്തിന് മിഴിവേകി. ദൃശ്യവിസ്മയത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കലോത്സവത്തിന് തിരിതെളിച്ചു.
ഉച്ചയോടെ ആകാശം മൂടിക്കെട്ടി മഴഭീഷണി നിഴലിച്ചെങ്കിലും മഴ ചതിച്ചില്ല. ഇത് സംഘാടകരെയും മത്സരാർത്ഥികളെയും ആശ്വാസത്തിലാക്കി. പതിവിന് വിപരീതമായി രചനാ മത്സരങ്ങൾക്കൊപ്പം വേദിയിനങ്ങളും ആദ്യദിനത്തിൽ തന്നെ ആരംഭിച്ചു. തിരുവാതിര, കഥകളി, കേരളനടനം തുടങ്ങിയ ഗ്ലാമർ ഇനങ്ങളോടെയാണ് ഒന്നാം ദിനത്തിൽ പ്രധാന വേദികളുണർന്നത്. രചനാ മത്സരങ്ങളും അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും രാവിലെ തന്നെ ആരംഭിച്ചു. ഉച്ചയ്ക്ക് തുടങ്ങിയ ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം മത്സരങ്ങളുടെ ഫലങ്ങളാണ് ആദ്യം പുറത്തുവന്നത്.
വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് ചാല ബോയ്‌സ് സ്‌കൂളിലെ ഒന്നാം വേദിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ഹൈസ്‌കൂൾ വിഭാഗം തിരുവാതിരയായിരുന്നു ഇനം. ഏറ്റവുമധികം കാണികളുടെ പങ്കാളിത്തമുണ്ടായതും ഒന്നാം വേദിയിൽ തന്നെ. ആദ്യ ദിവസത്തെ മറ്റൊരു പ്രധാന ഇനമായ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും കേരള നടനത്തിന് അട്ടക്കുളങ്ങര സെൻട്രൽ ഹയർ സെക്കൻഡറി സ്‌കൂൾ വേദിയായി. ചാല ഗവ.ഹൈസ്‌കൂളിലെ മൂന്നാം വേദിയിൽ യു.പി. വിഭാഗം ഭരതനാട്യം അരങ്ങേറി. ക്ലാർനെറ്റ്, ബ്യൂഗിൾ, വൃന്ദവാദ്യം മത്സരങ്ങൾ കലാമേളയുടെ ആദ്യ ദിനത്തിന് വാദ്യ വിസ്മയമേകി.
വൈകിട്ട് ഏഴോടെയാണ് പ്രധാന വേദികളിൽ മത്സരം ആരംഭിച്ചത്. നിശ്ചയിച്ച സമയത്ത് മത്സരങ്ങൾ ആരംഭിക്കാൻ കഴിയാത്തതിനാൽ രാത്രി വൈകിയും മത്സരങ്ങൾ തുടർന്നു.
കഴിഞ്ഞ വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്ന യു.പി വിഭാഗം മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ മത്സരാർത്ഥികളുടെ പങ്കാളിത്തം കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിച്ചിട്ടുണ്ട്. യു.പി.,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 296 ഇനങ്ങളിലായി 15,000ത്തോളം മത്സരാർത്ഥികളാണുള്ളത്.