തിരുവനന്തപുരം: സംഗീത ചക്രവർത്തി ഇളയരാജയുടെ പിറന്നാൾ ആഘോഷവേദിയിൽ പാടി താരമായ ആൻ ബെൻസൻ ജില്ലാകലോത്സവത്തിലും താരമായി. കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ യു.പി.വിഭാഗം ലളിതഗാന മത്സരത്തിലാണ് വിരഹാർദ്ര സന്ധ്യകളെ എന്ന ഗാനം പാടി ഒന്നാമതെത്തിയത്. ലളിതഗാനത്തിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ ആനിന്റെ അമ്മ ലക്ഷ്‌മി രംഗൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നണി ഗായിക കൂടിയായ ലക്ഷ്‌മിയുടെ നേട്ടത്തെ പ്രചോദനമായി കാണുന്ന ആൻ ഭാവിയിൽ അമ്മയുടെ നേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നാല് വയസുമുതൽ ആൻ സംഗീതം അഭ്യസിക്കുന്നുണ്ട്. അമ്മ തന്നെയാണ് കർണാടക സംഗീതത്തിലെ ഗുരു. സമ്മാനാർഹമായ ഗാനം പഠിപ്പിച്ചതും അമ്മ തന്നെ. കർണാടക സംഗീതത്തിന് പുറമെ കെ.ആർ.ശ്യാമയുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ആൻ പഠിക്കുന്നുണ്ട് . സംഗീത സംവിധായകനായ എൻ.ജെ.ബെൻസനാണ് അച്ഛൻ.