കുളത്തൂർ: ആക്കുളം ബൈപാസിലെ നാലുവരിപ്പാതയുടെ നിർമ്മാണ കരാർ ഏറ്റെടുത്ത കെ.എൻ.ആർ കമ്പനി ആക്കുളം പാലത്തിനുസമീപം കുഴിവിള - ശാസ്‌താംനഗർ റോഡ് കെട്ടിയടച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അണ്ടർപാസ് നിർമ്മാണത്തിന്റെ മറവിലാണ് കമ്പനി അധികൃതരുടെ നടപടി. രണ്ട് വർഷം മുമ്പ് അണ്ടർ പാസിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഈ ഭാഗത്തെ സർവീസ് റോഡിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പണി പൂർത്തിയാക്കി ഈ റോഡ് നാട്ടുകാർക്ക് തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കെ.എൻ.ആറിന്റെ നടപടിയെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ട് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് സായാഹ്ന പ്രതിഷേധ ധർണയിൽ പങ്കെടുത്തത്. നഗരസഭ കൗൺസിലർ എസ്. ശിവദത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. കുഴിവിള ചന്ദ്രൻ, കുളത്തൂർ അജയൻ, ശ്രീകുമാർ, അനിൽകുമാർ, എൻ.എസ്.എസ് നേതാവ് അയ്യപ്പൻനായർ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി. റോഡ് തുറന്നുകൊടുക്കും വരെ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.